കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒരു കൂട്ടം കര്‍ഷകര്‍ ചത്ത എലികളെ വായില്‍ കടിച്ചുപിടിച്ച് പ്രതിഷേധം നടത്തുന്നതിന്‍റെ വീഡിയോ പുറത്ത്.സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തിരുച്ചിറപ്പള്ളി മേഖലയില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ ഈ പ്രതിഷേധത്തിന്‍റെ വീഡിയോ വാര്‍ത്താ ഏജൻസിയായ എഎൻഐ ആണ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡില്‍ വഴി പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത ഉടൻതന്നെ വീഡിയോ ശ്രദ്ധിക്കപ്പെടുകയും പതിനായിര കണക്കിനാളുകള്‍ ഇതിനോടകം ഇത് കണ്ടു.കാവേരി നദീജലം കര്‍ണാടക വിട്ട് നല്‍കിയില്ലെങ്കില്‍ കര്‍ഷകര്‍ അതിജീവനത്തിനായി എലി മാംസം കഴിക്കാൻ നിര്‍ബന്ധിതരാകുമെന്നതിന്‍റെ സൂചനയായാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം കര്‍ഷകര്‍ നടത്തിയത്.
നദീജലം കിട്ടാതെ വന്നാല്‍ ഉണ്ടാകാൻ പോകുന്ന തങ്ങളുടെ ദുരവസ്ഥയെ കുറിച്ച് അധികാരികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള വേറിട്ട രീതിയില്‍ ഒരു പ്രതിഷേധം കര്‍ഷകര്‍ നടത്തിയത്. മറുവശത്ത്, കന്നഡ അനുകൂല സംഘടനകളും കര്‍ണാടകയിലെ മാണ്ഡ്യയിലെ കര്‍ഷകരും പ്രക്ഷോഭം തുടരുകയാണ്. നയതന്ത്രപരമായി പ്രശ്‌നം കൈകാര്യം ചെയ്യാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിഎംകെ അറിയിച്ചു. അയല്‍ സംസ്ഥാനത്തേക്ക് അയക്കാനുള്ള വെള്ളമില്ലെന്നതാണ് ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരിന്‍റെ വാദം.കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയും മൈസൂര്‍ രാജാവും തമ്മിലായിരുന്നു ആദ്യം തര്‍ക്കം ഉടലെടുത്തത്. 1916-ല്‍ മൈസൂര്‍ ഭരണകൂടം കൃഷ്ണരാജ സാഗര്‍ അണക്കെട്ട് നിര്‍മ്മിക്കാൻ തീരുമാനിച്ചപ്പോള്‍ മദ്രാസ് അധികാരികള്‍ അത് എതിര്‍ത്തു. കാവേരി ജലം തമിഴ്‌നാട്ടില്‍ എത്തില്ലെന്നായിരുന്നു വാദം. തര്‍ക്കത്തിനൊടുവില്‍ 1924-ല്‍ പ്രാബല്യത്തില്‍ വന്ന കരാറനുസരിച്ച് മൈസൂറിന് അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം മദ്രാസ് പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂര്‍ അണക്കെട്ടിലേക്ക് ജലമെത്താൻ തടസ്സമുണ്ടാകാന്‍ പാടില്ലെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 റ്റി.എം.സി ജലത്തിന് തമിഴ്‌നാടിന് അര്‍ഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കര്‍ണാടക ഭാഗത്ത് ഉണ്ടാക്കുന്ന അണക്കെട്ടുകള്‍ക്ക് തമിഴ്‌നാടിന്‍റെ സമ്മതവും ആവശ്യമായിരുന്നു.
1970 മുതല്‍ കാവേരീ പ്രശ്നം ഒരു ട്രൈബ്യൂണലിന് വിടണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. 1974 -ല്‍ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. പിന്നാലെ തമിഴ്‌നാടിന്‍റെ ഓഹരി 489 ടി.എം.സി ജലമായി കുറച്ചു. എന്നാല്‍, തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുകയും ട്രിബ്യൂണലിനെ നിയമിക്കാൻ വിധി സമ്ബാദിക്കുകയും ചെയ്തു. വിധിയനുസ്സരിച്ച് 1991-ല്‍ വി.പി. സിംഗ് സര്‍ക്കാര്‍ മൂന്നംഗ ട്രിബ്യൂണലിനെ നിയമിക്കുകയും ട്രിബ്യൂണല്‍ തമിഴ്‌നാടിന് 205 ടി.എം.സി. ജലം കൂടി അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ഇന്നും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള നദീജല തര്‍ക്കം അന്തമില്ലാതെ തുടരുന്നു