ബെംഗളൂരു : കർണാടകത്തിൽ തക്കാളിയുടെ വിലത്തകർച്ചയെത്തുടർന്ന് കടക്കെണിയിലായ കർഷകൻ ജീവനൊടുക്കി. തുമകൂരു പാവഗഡ താലൂക്കിലെ യാരബഹള്ളി സ്വദേശി നാരായണപ്പ(65)യെയാണ് പ്രദേശത്തെ വൈദ്യുതി ടവറിന്റെ മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഏതാനും മാസം മുമ്പ് തക്കാളിവില കുതിച്ചുയർന്നപ്പോൾ നാരായണപ്പ സ്വകാര്യ പണമിടപാടുകാരിൽനിന്ന് മൂന്ന് ലക്ഷം രൂപ കടംവാങ്ങി ഒരേക്കർ സ്ഥലത്ത് തക്കാളികൃഷിയിറക്കിയിരുന്നു.
വിളവെടുപ്പായപ്പോഴേക്കും തക്കാളി വില കൂപ്പുകുത്തി. കടമെടുത്ത പണത്തിന്റെ പലിശപോലും തിരിച്ചടയ്ക്കാനായില്ല. ഇതിന്റെ നിരാശയിലാണ് നാരായണപ്പ ജീവനൊടുക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഭാര്യയും നാലുമക്കളുമുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർണാടക രാജ്യറെയ്ത്ത സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു
പ്ലസ്ടുവില്‍ റോഡ് സുരക്ഷ പഠിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാം
മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസില്‍ പാസാകുന്നവര്‍ക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സിന്, പ്രത്യേക പരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം.ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റി ഇതുള്‍പ്പെടുത്തി പാഠഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. റോഡ് സുരക്ഷാ വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സമിതിയാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയത്.
ഇതില്‍ നിന്ന് ഹയർ സെക്കന്‍ഡറി സിലബസിന് യോജിക്കുന്ന വിധത്തില്‍ പാഠ്യഭാഗങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ഏത് വിഷയത്തിനൊപ്പം ചേര്‍ത്ത് പഠിപ്പിക്കണം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആയിട്ടില്ല.പാഠ്യപദ്ധതി പരിഷ്‌കരണത്തോടെ സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷാ സംവിധാനത്തില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
പുതിയതായി തുടങ്ങുന്ന അക്രെഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവര്‍ക്ക് നിലവിലെ ലേണേഴ്സ് പരീക്ഷ ഒഴിവാക്കാനാണ് കേന്ദ്ര തീരുമാനം.കേന്ദ്രത്തിന്റെ പരിഗണനയിലുള്ള ഡ്രൈവര്‍ പരിശീലന കേന്ദ്രങ്ങളിലെ പാഠ്യപദ്ധതി മാതൃകയാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.റോഡ് സുരക്ഷാനിയമങ്ങള്‍, സുരക്ഷിതമായ ഡ്രൈവിങ് രീതികള്‍, അപകടങ്ങളിലേക്ക് നയിക്കുന്ന പിഴവുകള്‍, സിഗ്‌നല്‍ പരിചയം, റോഡുകളെ മനസ്സിലാക്കേണ്ട രീതി, അപകടങ്ങള്‍ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, വേഗപരിധി, പാര്‍ക്കിങ് രീതികള്‍ എന്നിവയെല്ലാം പ്ലസ്ടു സിലബസില്‍ ഇടംപിടിക്കും.