ബം ഗ്ലൂരു: ഗൂഗിൾ മാപ്പ് നോക്കി ഗോവയ്ക്ക് പോയ കുടുംബം ചെന്നെത്തിയത് കർണാടക ഉൾവനത്തിൽ. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട കുടുംബമാണ് മാപ്പ് നോക്കി കൊടും വനത്തിൽ എത്തിയത്.ഒരു രാത്രി മുഴുവൻ ഇവർ കാട്ടിൽ കാറിനുള്ളിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു.ഉജ്ജയിനിയിൽ നിന്ന് യാത്ര ആരംഭിച്ച രഞ്ജിത് ദാസും കുടുംബവുമാണ് വനത്തിൽ കുടുങ്ങിയത്. രണ്ട് പുരുഷന്മാരും രണ്ട് സത്രീകളും അടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാത്രി കാറിൽ പുറപ്പെട്ടത്.
ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്ത ഇവർ കർണാടക ഖാനാപൂരിലെ ഷിരോല് വനത്തിലാണ് എത്തി ചേർന്നത്. കൂടുതൽ ഉൾവനത്തിലേക്ക് കടന്നപ്പോൾ ഇവർക്ക് പൂർണമായും മൊബൈലിൽ റെയിഞ്ചില്ലാ തെയായി. രാത്രി മുഴുവൻ ഇവിടെ കഴിച്ചുകൂട്ടിയ ശേഷം പിറ്റേന്ന് രാവിലെ റെയിഞ്ചുള്ള സ്ഥലത്തെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ പുറത്തെത്തിച്ചു. 31 കിലോമീറ്റർ ഉൾവനത്തിലേക്ക് യാത്ര ചെയ്താണ് ഇവർ കുടുംബത്തിനടുത്ത് എത്തി ചേർന്നത്. കുടുംബത്തിന് സഹായം നൽകിയതിന് ശേഷം ഇവരെ പൊലീസ് ഗോവയിലേക്ക് അയച്ചു.