ബംഗളൂരു: ഓട്ടിസം ബാധിച്ച 15 കാരന് യാത്ര നിഷേധിച്ച് വിമാനക്കമ്ബനിയായ ശ്രീലങ്കൻ എയര്‍ലൈൻസ്. ബെംഗളൂരു എയര്‍പോട്ടില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം.കുട്ടി പൈലറ്റിനും മറ്റ് യാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ തടഞ്ഞത്.മെയ് 16 നായിരുന്നു മാലിദ്വീപിലേക്ക് യാത്ര ചെയ്യാനായി കുട്ടി മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിയത്. ശ്രീലങ്കൻ എയര്‍ലൈൻസിന്റെ യുഎല്‍ 174 വിമാനത്തിലായിരുന്നു ടിക്കറ്റെടുത്തിരുന്നത്. പുലര്‍ച്ചെ 12.30 യ്ക്ക് ചെക്ക് ഇൻ നടപടികളിലേക്ക് കടക്കവേയാണ് ശ്രീലങ്കൻ എയര്‍ലൈൻസ് ഗ്രൗണ്ട് സ്റ്റാഫുകള്‍ ഇടപെട്ടത്.
മകനെ കുറിച്ച് ചോദിച്ച ശേഷം കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാൻ ആകില്ലെന്നും പൈലറ്റിനും മാറ്റ് യാത്രക്കാര്‍ക്കും കുട്ടി ഭീഷണിയാണെന്നും എയര്‍ലൈൻസ് ജീവനക്കാര്‍ പറയുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ മകൻ ഭയന്നെന്നും അമ്മ പറയുന്നു. കുട്ടിയുടെ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജീവനക്കാര്‍ക്ക് കൈമാറിയെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് കാണിച്ച് കൊണ്ട് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു.
ഓട്ടിസം എന്നത് ഒരു രോഗമല്ലെന്നും അതുകൊണ്ട് തന്നെ മകന് ഒരു ഡോക്ടറുടേയും ചികിത്സ ആവശ്യമില്ലെന്നും ഞാൻ അവരോട് വിശദീകരിച്ചു. മാത്രമല്ല തന്റെ മകൻ നിരവധി തവണ വിമാന യാത്ര ചെയ്തിട്ടുണ്ടെന്നും അവരെ അറിയിച്ചു. അവന്റെ അവസാന യാത്ര ദുബായിലേക്കായിരുന്നു. ഒരിക്കല്‍ പോലും തന്റെ മകന് ഇത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല’, സൈക്കോളജിസ്റ്റ് കൂടിയായ കുട്ടിയുടെ അമ്മ പറഞ്ഞു.കുട്ടിയുടെ അവസ്ഥയുടെ പേരില്‍ ബോര്‍ഡിംഗ് നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രശ്നം ഉണ്ടാക്കിയാല്‍ കുടുംബത്തെ ഒന്നാകെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന ഭീഷണിയായിരുന്നു അവര്‍ ഉയര്‍ത്തിയതെന്നും അമ്മ പറഞ്ഞു.
അതേസമയം പ്രശ്നം ശ്രദ്ധയില്‍ പെട്ടതോടെ ബെംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ ഇടപെട്ടു. ഓട്ടിസം ബാധിച്ച കുഞ്ഞുമായി യാത്ര ചെയ്യുന്നുണ്ടെന്ന വിവരം രണ്ട് ദിവസം മുൻപ് തന്നെ മാതാപിതാക്കള്‍ എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വിവരം തങ്ങള്‍ എയര്‍ലൈൻസിനെ അറിയിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഇതോടെ കുട്ടിയുടെ ഐഡിയുമായി പോയ ഗ്രൗണ്ട് സ്റ്റാഫുകള്‍ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചതിന് ശേഷം യാത്ര ചെയ്യാൻ അനുമതി നല്‍കിയതായി അമ്മ പറഞ്ഞു. ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ശ്രീലങ്കൻ എയര്‍ലൈൻസിന് പരാതി നല്‍കിയിട്ടുണ്ട്.
ടൂത്ത് പേസ്റ്റിന് എംആര്‍പിയെക്കാള്‍ കൂടുതല്‍ വില; സൂപ്പര്‍ മാര്‍ക്കറ്റിന് 10,000 രൂപ പിഴ
മലപ്പുറം | ടൂത്ത് പേസ്റ്റിന് എംആര്‍പിയെക്കാള്‍ അധിക വില ഈടാക്കിയതിന് സൂപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപ പിഴ അടക്കണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിര്‍മല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ 23നാണ് പരാതിക്കാരന്‍ മഞ്ചേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ടൂത്ത് പേസ്റ്റ് വാങ്ങിയത്. എംആര്‍പി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്. അധിക തുക തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഈ വിലക്കേ നല്‍കാനാകൂവെന്നും വേണമെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും സാധനം വാങ്ങിക്കാം എന്നുമായിരുന്നു പ്രതികരണം. തുടര്‍ന്നാണ് ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കിയത്.
സ്‌കാനര്‍ ഉപയോഗിച്ച് നല്‍കുന്ന ബില്ലാണെന്നും പിഴവില്ലെന്നും പരാതിക്കാരന്‍ ഹാജരാക്കിയത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് നല്‍കിയ ടൂത്ത് പേസ്റ്റല്ലെന്നും കടയുടമയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ പരാതി നല്‍കിയതാണെന്നുമാണ് എതിര്‍ കക്ഷി ബോധിപ്പിച്ചത്.എന്നാല്‍, ഒരു ഉപഭോക്താവിനോട് എങ്ങനെ പെരുമാറരുതെന്നതിന്റെ ഉദാഹരണമാണ് പരാതിക്കാരന്റെ അനുഭവമെന്നും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും അധിക വില ഈടാക്കിയത് തിരിച്ചു നല്‍കുന്നതോടൊപ്പം 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉപഭോക്തൃ കമീഷന്‍ വിധിച്ചു.
കോടതി ചെലവിനത്തില്‍ 3000 രൂപ ലീഗല്‍ ബെനഫിറ്റ് ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടു. വിധിയുടെ കോപ്പി കിട്ടി ഒരു മാസത്തിനകം തുക നല്‍കണമെന്നും അല്ലാത്ത പക്ഷം ഹര്‍ജി തീയതി മുതല്‍ ഒമ്പതു ശതമാനം പലിശ നല്‍കണമെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സിവി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്‍ ഉത്തരവില്‍ പറഞ്ഞു.