ദില്ലി: ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തി .കൊവിഡ് ബാധിച്ച ഇയാളില്‍ നിന്നും പണം വാങ്ങിയ ശേഷം കൊവിഡ് നെഗറ്റീവാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.4500 രൂപയ്ക്കാണ് കൊവിഡ് ബാധിച്ച ഇയാള്‍ക്ക് ദുബായിലേക്ക് മടങ്ങാനായി ബംഗ്ലൂരുവിലെ സ്വകാര്യ ലാബ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത് . അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ലാബിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് .
കൂടാതെ ദക്ഷിണാഫ്രിക്കന്‍ സ്വദേശി താമസിച്ച ബംഗ്ലൂരു ഷാംഗ്രിലാ ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് ഹോട്ടലിന് നോട്ടീസ് നല്‍കിയത്.എന്നാല്‍, ഇപ്പോള്‍ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശി ബംഗ്ലൂരുവില്‍ കറങ്ങിയിട്ടുണ്ടെന്നും നിരവധി പേരുമായി ഇടപെട്ടിട്ടുണ്ടെന്നുമുള്ള വിവരമാണ് ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ആശങ്കപ്പെടുത്തുന്നത്.