ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) ആയിരത്തിലധികം വ്യാജ മാര്‍ക്ക്കാര്‍ഡുകള്‍ പിടിച്ചെടുത്തു.മഹാലക്ഷ്മി ലേ ഔട്ട്, കോടിഹള്ളി, മാരത്തഹള്ളി എന്നിവിടങ്ങളിലെ ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് (വി.എസ്.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്) റെയ്ഡ് നടത്തിയത്.
വിവിധ യൂനിവേഴ്സിറ്റികളുടെ 1,097 വ്യാജ മാര്‍ക്ക് കാര്‍ഡുകള്‍, 87 ബ്ലാങ്ക് മാര്‍ക്ക് കാര്‍ഡുകള്‍, 74 സീലുകള്‍, അഞ്ച് ഹാര്‍ഡ് ഡിസ്കുകള്‍, അഞ്ചു പിഎച്ച്.ഡി ടി.സികള്‍, അഞ്ചു മൊബൈല്‍ ഫോണുകള്‍, ഒരു പ്രിന്‍റര്‍ എന്നിവയാണ് ഇവിടെനിന്ന് കണ്ടെടുത്തത്.
ബംഗളൂരു പൊലീസ് കമീഷണര്‍ സി.എച്ച്. പ്രതാപ് റെഡ്ഡി ഇവ പരിശോധിച്ചു. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ശില്‍പ, ജീവനക്കാരായ ശാരദ, കിഷോര്‍, പ്രിന്‍റിങ് പ്രസിന്‍റെ ഉടമ രാജണ്ണ എന്നിവരെ സി.സി.ബി അറസ്റ്റ് ചെയ്തു.ക്രമക്കേടിന്‍റെ മുഖ്യസൂത്രധാരനും സ്ഥാപനത്തിന്‍റെ സ്ഥാപക ചെയര്‍മാനുമായ ജി. ശ്രീനിവാസ് റെഡ്ഡിയെ പിടികൂടാനായിട്ടില്ല.
സമാനകുറ്റകൃത്യത്തിന് ഇയാളെ 2018ലും 2019ലും സി.സി.ബി അറസ്റ്റ് ചെയ്തിരുന്നു. അധികൃതര്‍ റെയ്ഡ് നടത്തുമ്ബോള്‍ അച്ചടിക്കാനായി മാര്‍ക്ക് കാര്‍ഡുകള്‍ കൈപ്പറ്റാനായി പ്രസിന്‍റെ ഉടമ രാജണ്ണ സ്ഥാപനത്തില്‍ എത്തിയിരുന്നു.അരലക്ഷം മുതല്‍ ഒരുലക്ഷം രൂപ വരെ ഈടാക്കിയാണ് വിവിധയിടങ്ങളിലെ ആളുകള്‍ക്ക് ഈ സ്ഥാപനം എസ്.എസ്.എല്‍.സി, പി.യു.സി, ഡിപ്ലോമ, അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്സ് കോഴ്സുകളുടെ വ്യാജ മാര്‍ക്ക് കാര്‍ഡുകള്‍ നല്‍കിയിരുന്നതെന്ന് സി.സി.ബി അധികൃതര്‍ പറഞ്ഞു.
പിഎച്ച്.ഡി കോഴ്സിന്‍റെ മാര്‍ക്ക് കാര്‍ഡുകള്‍ക്ക് 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെയാണ് ഈടാക്കിയിരുന്നത്. വിദൂരവിദ്യാഭ്യാസം വഴി വിവിധ കോഴ്സുകള്‍ക്ക് ചേരുന്നവരെയാണ് സ്ഥാപനം മുഖ്യമായി ലക്ഷ്യമിട്ടിരുന്നത്.
ബംഗളൂരുവില്‍ ബൈക്കപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
ബംഗളൂരു: നഗരത്തിലെ റിങ് റോഡിലെ സുമനഹള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.പാലക്കാട് മണ്ണാര്‍കാട് കച്ചേരിപറമ്ബ് കൊട്ടേപ്പാലം വെട്ടുകളത്തില്‍ സൈദലവി- ആയിഷ ദമ്ബതികളുടെ മകന്‍ ഷമീമുല്‍ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ സ്വദേശി എം.എ. ഹമീദ്- സാജിത ദമ്ബതികളുടെ മകന്‍ മുഹമ്മദ് ആദില്‍ (24) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സുമനഹള്ളിയിലെ ചെരുപ്പ് കമ്ബനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും. റിയാസുദ്ദീന്‍, മുഹമ്മദ് ഫാറൂഖ്, യഹിയ ഹുസൈന്‍, ആരിഫത്ത് എന്നിവരാണ് ഷമീമുല്‍ ഹഖിന്‍റെ സഹോദരങ്ങള്‍.ഷംന, ഷഹന എന്നിവരാണ് ആദിലിന്റെ സഹോദരങ്ങള്‍. വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് പോയി.