കോവിഡ്-19 വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഹൂബ്ലി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ, ഒരു എൻജിഒയുടെ സഹായത്തോടെ പൊതു സ്ഥലങ്ങളിൽ, പ്രധാനമായും മാർക്കറ്റുകൾ, ബസ് ടെർമിനലുകൾ കോർപ്പറേഷൻ പരിസരം,കിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ആളുകൾക്ക് ചുരുങ്ങിയ നിരക്കിൽ മാസ്ക് നൽകുന്നതിന് വേണ്ടി മാസ്ക് വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്.
പകർച്ചവ്യാധി കാരണം മാസ്ക് ധരിക്കാത്തവർക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ട്.
“ഇപ്പോൾ എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. മാസ്ക് ധരിക്കാത്ത ഏതൊരാൾക്കും പാൻഡെമിക് നിയമപ്രകാരം ശിക്ഷ ലഭിക്കാൻ ബാധ്യസ്ഥരാണ്, അവർക്ക് വലിയ പിഴ നൽകേണ്ടിവരും. എന്നിരുന്നാലും, മാസ്ക് വാങ്ങാൻ സാമ്പത്തികമായി ബുദ്ദിമുട്ട് അനുഭവപ്പെടുന്നവർ ഉണ്ട്, ഇത് മനസിലാക്കിയാണ് ഹുബ്ലി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ മുന്നോട്ട് വന്നു നഗരത്തിൽ ഓട്ടോമാറ്റിക് മാസ്ക് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്നത്,”ഹൂബ്ലി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ സുരേഷ് ഇത്‌നാൽ പറഞ്ഞു.
ആവശ്യക്കാർക്ക് വെൻഡിംഗ് മെഷീനിൽ രണ്ട് രൂപ നാണയം ഇട്ട് സർജിക്കൽ മാസ്ക് സ്വന്തമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മെഷീനിലും ഒരു സമയം 100 മാസ്‌ക്കുകൾ ലോഡ് ചെയ്യാം , കൂടാതെ മെഷീനിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ഡിസ്പ്ലേയിലൂടെ ആളുകൾക്ക് ഒരേ സമയം ലഭ്യമായ മാസ്കുകളുടെ എണ്ണം അറിയാനും കഴിയും.