ബെംഗളൂരു: വൈദ്യുതവാഹനങ്ങളുടെ നികുതിയിളവിൽ സർക്കാർ മാറ്റംവരുത്തിയതോടെ കർണാടകത്തിൽ ആഡംബര വൈദ്യുത വാഹനങ്ങൾക്ക് വിലകൂടും. 25 ലക്ഷം രൂപയ്ക്കുമുകളിൽ വിലയുള്ള വാഹനങ്ങൾക്ക് നിർമാണച്ചെലവിന്റെ 10 ശതമാനം നികുതിയീടാക്കാനാണ് തീരുമാനം. ബസിനും ഇത് ബാധകമാകും. ആജീവനാന്തനികുതി എന്ന നിലയിലാണ് രജിസ്‌ട്രേഷൻ സമയത്ത് ഇത് ഈടാക്കുകയെന്ന് മോട്ടോർവാഹനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.പരിസ്ഥിതിസൗഹൃദ വാഹനഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ 2016 മുതൽ വിലയുടെ പരിധിയില്ലാതെ ഏതുതരം വൈദ്യുതവാഹനങ്ങൾക്കും നൽകിയിരുന്ന നികുതിയിളവാണ് ഇപ്പോൾ ഇല്ലാതായത്.അടുത്തകാലത്തായി വിലകൂടിയ ഒട്ടേറെ വൈദ്യുതവാഹനങ്ങൾ നിരത്തിലിറങ്ങിയ കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നികുതി ചുമത്താൻ തീരുമാനിച്ചത്.
25 ലക്ഷംമുതൽ രണ്ടുകോടിവരെ രൂപ വിലവരുന്ന വൈദ്യുതക്കാറുകൾ ഇറങ്ങുന്നുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണക്ക്.കർണാടക മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്ട് ഭേദഗതിചെയ്താണ് പുതിയ നികുതിക്രമം നടപ്പാക്കിയത്.വൈദ്യുതവാഹനങ്ങളുൾപ്പെടെ മുഴുവൻ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും മൂന്നുശതമാനം സെസ് ഏർപ്പെടുത്താനും നിയമം വ്യവസ്ഥചെയ്യുന്നു.ട്രാൻസ്പോർട്ട് മേഖലയിലെ ഡ്രൈവർമാരുടെയും മറ്റുജോലിക്കാരുടെയും ക്ഷേമത്തിനുള്ള ഫണ്ട് സ്വരൂപിക്കാനാണിത്.
കടുത്ത തലവേദന, പരിശോധനയില്‍ ഞെട്ടി ഡോക്ടര്‍മാര്‍
വിട്ടുമാറാത്ത കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 52 കാരന്റെ തലച്ചോറില്‍ നാടവിരകളെ കണ്ടെത്തി ഡോക്ടർമാർ.യു.എസിലെ ന്യൂയോർക്കിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.നാല് മാസം തലവേദന വിടാതെ പിന്തുടർന്നതോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. മൈഗ്രെയിൻ ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വിദഗ്ദ്ധ പരിശോധനയില്‍ തലച്ചോറിനുള്ളില്‍ വിരകളുടെ മുട്ടകള്‍ കണ്ടെത്തി. തലച്ചോറിന്റെ രണ്ട് വശങ്ങളിലും മുട്ടകള്‍ കണ്ടെത്തി.
മതിയായി വേവിക്കാത്ത പന്നിയിറച്ചിയില്‍ നിന്നാകാം ഇത് രോഗിയുടെ ശരീരത്തിലേക്ക് കടന്നതെന്ന് കരുതുന്നു. രോഗി ബേക്കണ്‍ സ്ഥിരമായി കഴിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇത്തരത്തില്‍ ശരീരത്തിലെത്തുന്ന വിരകള്‍ക്ക് മുട്ടയിട്ട് പെരുകാനുള്ള ശേഷിയുണ്ട്. നിലവില്‍ ഇയാളുടെ നില തൃപ്തികരമാണെന്നാണ് വിവരം. തീവ്രപരിചരണ വിഭാഗത്തില്‍ ആഴ്ചകളോളം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഇദ്ദേഹത്തിന്റെ രോഗം ഏറെക്കുറേ ഭേദമായി. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മെഡിക്കല്‍ ജേണലിലാണ് സംഭവം വിശദീകരിച്ചിട്ടുള്ളത്.