ബംഗളൂരു: 2023-2024 അധ്യയന വര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി കര്‍ണാടക.സംസ്ഥാനത്തെ എല്ലാ നഴ്സിംഗ് കോളജുകളിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി അഡ്മിഷന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.നഴ്സിംഗ് പ്രവേശനത്തിന് പൊതു പരീക്ഷ നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയുടെ പുതിയ പ്രഖ്യാപനം.
കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലാകും പരീക്ഷയുടെ നടത്തിപ്പ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ഏപ്രില്‍ 14 മുതല്‍ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.498 അംഗീകൃത നഴ്സിംഗ് കോളജുകള്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടകയില്‍ എല്ലാ വര്‍ഷവും 35,000 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ മാത്രമാണ് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ സീറ്റുകളായി ലഭ്യമായിരുന്നത്.
റെക്കോഡും കടന്ന് വൈദ്യുതി ഉപഭോഗം
മൂലമറ്റം: വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല െറക്കോഡ് മറികടന്നു.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.82 ദശലക്ഷം യൂനിറ്റ് ഉപഭോഗമായിരുന്നു നിലവില്‍ കെ.എസ്.ഇ.ബിയുടെ സര്‍വകാല റെക്കോഡ്.ഇത് ബുധനാഴ്ച പുലര്‍ച്ച മറികടന്ന് 95.61 ദശലക്ഷം യൂനിറ്റിലെത്തി. ബുധനാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കാണിത്. നാള്‍ക്കുനാള്‍ ചൂട് വര്‍ധിക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം ഇനിയും ഉയരും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്.
ഉപയോഗിച്ച 95.61 ദശലക്ഷം യൂനിറ്റ് വൈദ്യുതിയില്‍ 26.53 ദശലക്ഷം യൂനിറ്റാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചത്. 69.07 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി. വേനല്‍ ചൂട് കൂടുന്നതോടെ പുറം വൈദ്യുതിയുടെ വില വര്‍ധിക്കുകയും അതിനെ മറികടക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടിയും വരും. എയര്‍കണ്ടീഷണറുകളുടെയും ഫാനിന്‍റെയും ഉപയോഗം വര്‍ധിച്ചതാണ് ഉപഭോഗം കുത്തനെ ഉയരാന്‍ കാരണം. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയില്‍ ബുധനാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം 10.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.
ശബരിഗിരിയില്‍ 5.617, ഇടമലയാര്‍ 1.95, കുറ്റ്യാടി 2.46, നേര്യമംഗലം 587, ഷോളയാര്‍ 434 എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിലെ ഉല്‍പാദനം.
ഡാമുകളില്‍ ജലനിരപ്പ് താഴുന്നു :ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. മഴക്കാലത്ത് 95 ശതമാനത്തിലധികം ഉയര്‍ന്ന ഡാമുകളിലെ ജലനിരപ്പ് നിലവില്‍ 42 ശതമാനത്തില്‍ താഴേക്ക് എത്തിത്തുടങ്ങി. ഇടുക്കി ഡാമിലെ ജലനിരപ്പ് 38 ശതമാനത്തില്‍ എത്തി. പമ്ബ 43 ശതമാനം, ഷോളയാര്‍ 15, ഇടമലയാര്‍ 37, മാട്ടുപെട്ടി 70, കുറ്റ്യാടി 55, പൊന്‍മുടി 58, ലോവര്‍പെരിയാര്‍ 73 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഡാമുകളിലെ നിലവിലെ ജലനിരപ്പ്.
സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ എല്ലാ ഡാമുകളിലും കൂടി 42 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 1735.3 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം. മുഴുവന്‍ ശേഷിയില്‍ ഉല്‍പാദനം നടത്തിയാലും ജൂണ്‍ വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഇടുക്കിയിലുണ്ട്.