Home Featured ‘ദൃശ്യം 3’ അല്ല, അത് ‘എമ്പുരാന്‍’; പ്രഖ്യാപനം ഇന്ന് വൈകിട്ട്

‘ദൃശ്യം 3’ അല്ല, അത് ‘എമ്പുരാന്‍’; പ്രഖ്യാപനം ഇന്ന് വൈകിട്ട്

മോഹന്‍ലാലിന്‍റേതായി ഇന്ന് എത്താനിരിക്കുന്ന വന്‍ പ്രഖ്യാപനം ദൃശ്യം 3 അല്ല, മറിച്ച് ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍. ആന്‍റണി പെരുമ്പാവൂരും പൃഥ്വിരാജും മുരളി ഗോപിയും അടക്കമുള്ളവര്‍ എമ്പുരാന്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഇന്ന് വൈകിട്ട് ആണെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെ വൈകിട്ട് നാലിനാണ് പ്രഖ്യാപനം വരിക.

മോഹന്‍ലാല്‍ നായകനാവുന്ന ഒരു വലിയ പ്രഖ്യാപനം ചിങ്ങം 1 ആയ ഇന്ന് ഉണ്ടാവുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പേ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായിരിക്കും എന്ന തരത്തിലായിരുന്നു പ്രചരണം. 17ന് ഒരു പ്രഖ്യാപനം വരുന്ന കാര്യം സ്വാതന്ത്ര്യ ദിനത്തിലാണ് ആന്‍റണി പെരുമ്പാവൂര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്ന ലൂസിഫറിന്‍റെ വിജയത്തിനു പിന്നാലെയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം വന്‍ വിജയമായത് ചലച്ചിത്രലോകം കൌതുകത്തോടെയാണ് വീക്ഷിച്ചത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ‘ലൂസിഫറി’ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

അതേസമയം ഷാജി കൈലാസിന്‍റെ എലോണ്‍, വൈശാഖിന്‍റെ മോണ്‍സ്റ്റര്‍, എംടിയുടെ നെറ്റ്ഫ്ലിക്സ് സിരീസിലെ പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും, ജീത്തു ജോസഫിന്‍റെ റാം, വിവേകിന്‍റെയും അനൂപ് സത്യന്‍റെയും പേരിടാത്ത ചിത്രങ്ങള്‍ എന്നിവയാണ് മോഹന്‍ലാലിന്‍റേതായി പുറത്തെത്താനുള്ളവ. സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസും അക്കൂട്ടത്തില്‍ ഉണ്ട്. 

You may also like

error: Content is protected !!
Join Our WhatsApp Group