![]( https://bangaloremalayali.in/wp-content/uploads/2021/06/join-news-group-bangalore_malayali_news.jpg)
ബെംഗളൂരു: മോഷ്ടാക്കൾ കയറാതിരിക്കാൻ തക്കാളിപ്പാടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ബന്ധുക്കളുടെ മർദനമേറ്റ് കൃഷിഭൂമിയുടെ ഉടമ കൊല്ലപ്പെട്ടു. ചിക്കബെല്ലാപുര ഗൗരിബിദനൂരിലെ മൻഹള്ളിയിലുണ്ടായ സംഭവത്തിൽ വസന്ത് റാവു(28), കർഷകനായ അശ്വത് റാവു(50) എന്നിവരാണ് മരിച്ചത്.
തക്കാളി വില 100 രൂപ കടന്നതോടെ അശ്വത് തന്റെ കൃഷിയിടം വേലി കെട്ടിത്തിരിക്കുകയായിരുന്നു. മോഷ്ടാക്കൾ കയറാതിരിക്കാൻ ഇതിലൂടെ വൈദ്യുതി കടത്തിവിടുകയും ചെയ്തു. ഇതു വഴി കാലികളെ മേയ്ക്കാനെത്തിയ വസന്ത് വേലിയിൽ നിന്നു ഷോക്കേറ്റ് മരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ വയലിൽ വിശ്രമിക്കുകയായിരുന്ന അശ്വത്തിനെ ആക്രമിച്ചു. സമീപവാസികൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2 പേരുടെയും ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കർഷകർ വൈദ്യുതി വേലി സ്ഥാപിക്കുന്നത് അനധികൃതമാണെന്നും ഇതു തടയാൻ ബെസ്കോമിനു നിർദേശം നൽകിയതായും പൊലീസ് പറഞ്ഞു.
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/09/16030556/bangalore_malayali_news_bengaluru-vartha-734x1024.jpg)