ബെംഗളൂരു: ഭിക്ഷതേടി നേടിയപണം നൽകാത്തതിനെ തുടർന്ന് വയോധികയെ മർദിച്ചു കൊന്ന സംഭവത്തിൽ മകൾ, മരുമകൻ, ചെറുമകൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ബെംഗളൂരു നീലസാന്ദ്രയിലാണ് ദാരുണമായ സംഭവം. നീല സാന്ദ്രയിലെ ആർ.കെ. ഗാർഡനിലെ ഷക്കീറ(68) ആണ് കൊല്ലപ്പെട്ടത്. ഷക്കീറയുടെ മകൻ ഇമ്രാൻ നൽകിയ പരാതിയെ തുടർന്ന് അശോക പോലീസാണ് ഷക്കീറയുടെ മകൾ രേഷ്മ, രേഷ്മയുടെ ഭർത്താവ് ഫയാസ്, ഇവരുടെ മകൻ മുഹമ്മദ് ഹുസൈൻ (21) എന്നിവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഷക്കീറയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ നെറ്റിക്കും തലയ്ക്കും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.ഇതിൽ സംശയം തോന്നിയ മകൻ ഇമ്രാനാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊല പാതകമാണെന്ന് തെളിഞ്ഞത്. ശനിയാഴ്ച റംസാൻ ദിനത്തിൽ ഷക്കീറ വീടിനടുത്തുള്ള പള്ളിയിൽനിന്ന് ഭിക്ഷ തേടി 1000 രൂപ നേടിയിരുന്നു. ഞായറാഴ്ച ഈ പണം ആവശ്യപ്പെട്ട് മകൾ രേഷ്മ വീട്ടിലെത്തി. പണം നൽകാൻ തയ്യാറാകാത്തതോടെ ഷക്കീറയും മകളും തമ്മിൽ വാ ക്കേറ്റമായി.തുടർന്ന് മൂവരും ചേർന്ന് ഷക്കീറയെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.. സംഭവത്തിനുശേഷം ഒളിവിലായിരുന്ന മൂവരെയും ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.