
ബെംഗളുരു : ഈജിപുര-കോറമംഗല മേൽപാലത്തിന്റെ നിർമാണം എന്നു പൂർത്തിയാക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബിബിഎംപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിർമാണം ആരംഭിച്ച് 3 വർഷം കഴിഞ്ഞിട്ടും പകുതി പോലും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് രൂക്ഷവിമർശനം. കോറമംഗല സ്വദേശി ആദിനാരായണൻ ഷെട്ടി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് റിഥുരാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്. കേസിലെ അടുത്ത വാദം 20ന് നടക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ പാലത്തിന്റെ നിർമാണ പ്രവൃത്തികളുടെ തൽസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ബിബിഎംപിയോ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഡിസംബറിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നാണ് ബിബിഎംപി വ്യക്തമാക്കിയിരുന്നത്. ഈജിപുര ശ്രീനിവാഗിലു ജംക്ഷൻ മുതൽ കോറമംഗല കേന്ദ്രീയ സദൻ വരെ 2.5 കിലോ മീറ്റർ നീളുന്ന മേൽപാലം 2018ലാണ് ആരംഭിച്ചത്. പാലത്തിന്റെ നിർമാണം ഇഴഞ്ഞ് നീങ്ങിയതോടെ നിലവിലെ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ വിളിക്കാൻ ഒരുങ്ങുകയാണ് ബിബിഎംപി.