Home Featured തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വർധിപ്പിക്കുന്നതിനായി കണ്ണിൽക്കണ്ട ക്രീമുകൾ വാരിപ്പുരട്ടുന്നവർ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകൾ വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേതാണ് കണ്ടെത്തൽ.കഴിഞ്ഞ ഫെബ്രുവരിമുതൽ ജൂൺവരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എൻ.) എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്.

രോഗം തിരിച്ചറിയപ്പെട്ടവരിൽ കൂടുതൽപ്പേരും തൊലിവെളുക്കാൻ ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ചവരാണ്.പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. മരുന്നുകൾ ഫലപ്രദമാകാതെ വന്നപ്പോൾ, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയർനസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാൽ ഇതാണ് രോഗകാരണമെന്ന് ആ സന്ദർഭത്തിൽ ഉറപ്പിക്കാനാകുമായിരുന്നില്ല.

ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവർക്കും അപൂർവമായ ‘നെൽ 1 എം.എൻ.’ പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു.പിന്നീട് ഇരുപത്തൊൻപതുകാരൻകൂടി സമാനലക്ഷണവുമായി വന്നു. ഇയാൾ രണ്ടുമാസമായി ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു. ഇതോടെ നേരത്തേ സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ മുഴുവൻ രോഗികളെയും വരുത്തി.ഇതിൽ എട്ടുപേർ ക്രീം ഉപയോഗിച്ചവരായിരുന്നു.

ഇതോടെ രോഗികളെയും അവർ ഉപയോഗിച്ച ഫെയ്സ്ക്രീമും വിശദപരിശോധനയ്ക്കു വിധേയമാക്കിയെന്ന് കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ സീനിയർ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസനും ഡോ. രഞ്ജിത്ത് നാരായണനും പറഞ്ഞു.പരിശോധനയിൽ മെർക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാൾ നൂറുമടങ്ങ് അധികമാണെന്നു കണ്ടെത്തി. ഉപയോഗിച്ച ക്രീമുകളിൽ ഉത്പാദകരെ സംബന്ധിച്ചോ അതിലെ ചേരുവകൾ സംബന്ധിച്ചോ വിവരങ്ങൾ ഉണ്ടായിരുന്നില്ല.

ശ്രദ്ധിച്ചു വാങ്ങുക’:സൗന്ദര്യവർധക ഉത്പന്നങ്ങളിൽ ഇറക്കുമതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ, ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും മേൽവിലാസവും എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇവയുണ്ടോ എന്ന് ഉറപ്പുവരുത്തിയേ വാങ്ങാനാവൂ. വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയുണ്ടാകും.

You may also like

error: Content is protected !!
Join Our WhatsApp Group