കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ അനധികൃതമായി തങ്ങിയ എട്ട് ബംഗ്ലാദേശി പൗരന്മാരെ ശനിയാഴ്ച പോലീസ് പിടികൂടി.കഴിഞ്ഞ മൂന്ന് വർഷമായി സാധുവായ പാസ്‌പോർട്ടുകളോ വിസകളോ ഇല്ലാതെ ജില്ലയിലെ ഹൂഡ് ഗ്രാമത്തിലാണ് ഇവർ താമസിച്ചിരുന്നതെന്ന് ഉഡുപ്പി പോലീസ് സൂപ്രണ്ട് കെ. അരുണ്‍ അറിയിച്ചു.പ്രതികളിലൊരാളായ മുഹമ്മദ് മണിക് എന്നയാള്‍ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരില്‍ നിന്നുള്ള സംശയത്തെ തുടർന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബാജ്‌പെ വിമാനത്താവളത്തില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലില്‍ മറ്റ് ഏഴ് ബംഗ്ലാദേശി പൗരന്മാർ തന്നോടൊപ്പം ഹൂഡ് ഗ്രാമത്തില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് മണിക് വെളിപ്പെടുത്തി. ഈ വിവരം ഉഡുപ്പി പോലീസിനെ അറിയിച്ചു. തുടർന്ന് പ്രദേശത്ത് റെയ്ഡ് നടത്തി ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് അന്വേഷണത്തില്‍ പ്രതികളുടെ കൈവശം വ്യാജ ആധാർ കാർഡുകളുണ്ടെന്ന് കണ്ടെത്തി.പ്രതികള്‍ക്ക് എങ്ങനെയാണ് ഈ വ്യാജ ആധാർ കാർഡുകള്‍ ലഭിച്ചതെന്നും ബംഗ്ലാദേശില്‍ നിന്ന് അവർ എങ്ങനെയാണ് അതിർത്തി കടന്നതെന്നും കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് എസ്പി അരുണ്‍ പറഞ്ഞു. എട്ട് ബംഗ്ലാദേശി പൗരന്മാർ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. അവരെ പ്രാദേശിക കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.