ബെംഗളൂരു : ശിവമോഗയിൽ ബി.ജെ.പി. യുടെ വിമതസ്ഥാനാർഥിയായി മത്സരിക്കാനിറങ്ങിയ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കാനായി കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് ശിവമോഗ ജില്ലാ കോടതിയിൽ അദ്ദേഹം കവിയറ്റ് ഹർജി നൽകി.പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിന് ബി.ജെ.പി. പ്രവർത്തകർ തടസ്സം നിൽക്കാനുള്ള സാധ്യത മുമ്പിൽക്കണ്ടാണ് നീക്കം. ഇനി ഈ വിഷയത്തിൽ ആര് ഹർജി നൽകിയാലും ഈശ്വരപ്പയെ അറിയിക്കാതെ കോടതിക്ക് നടപടിയെടുക്കാനാവില്ല. മൂന്ന് മാസമാണ് ഹർജിയുടെ കാലാവധി. ഇതിനുള്ളിൽ തിരഞ്ഞെടുപ്പ് കഴിയും.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്രക്കെതിരേയാണ് ഈശ്വരപ്പയുടെ മത്സരം. പാർട്ടി കർണാടക ഘടകത്തിൽ യെദ്യുരപ്പയുടെ കുടുംബാധിപത്യമാണെന്ന് ആരോപിച്ചാണ് അദ്ദേഹം വിമതനായി രംഗത്തിറങ്ങിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരണമെന്നും വ്യക്തമാക്കി. മകൻ കെ.ഇ. കാന്തേഷിന് ഹാവേരി സീറ്റ് നൽകാതിരുന്നതിനെത്തുടർന്നാണ് ഈശ്വരപ്പ പാർട്ടിക്കെതിരേ കലാപമുയർത്തിയത്. മകന് സീറ്റ് നിഷേധിച്ചതിനുപിന്നിൽ യെദ്യുരപ്പയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. 12-ന് നാമനിർദേശ പത്രിക സമർപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഈശ്വരപ്പയ്ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി.:ബെംഗളൂരു : ശിവമോഗയിൽ ബി.ജെ.പി.യുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാൻ തയ്യാറെടുക്കുന്ന മുതിർന്നനേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പക്കെതിരേ നടപടിയെടുക്കാൻ പാർട്ടി ആലോചിക്കുന്നു. ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാർഥിയായി നാമ നിർദേശ പത്രിക സമർപ്പിച്ചാലുടൻ അദ്ദേഹത്തിനെതിരേ നടപടിയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക് പറഞ്ഞു. ഏപ്രിൽ 12-ന് പത്രിക സമർപ്പിക്കുമെന്നാണ് ഈശ്വരപ്പ അറിയിച്ചിരിക്കുന്നത്.
പ്രചാരണത്തിന് മോദിയുടെ ചിത്രം ഉപയോഗിക്കാൻ ഈശ്വരപ്പയ്ക്ക് കഴിയില്ലെന്നും അശോക പറഞ്ഞു. പ്രധാനമന്ത്രിയായതിനാൽ മോദിയുടെ ചിത്രം സർക്കാർ പരിപാടികൾക്ക് ഉപയോഗിക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ രാഷ്ട്രീയമായോ ഉള്ള പരിപാടികൾക്ക് മോദിയുടെ ചിത്രം ഉപയോഗിക്കാൻ ബി.ജെ.പി.ക്ക് മാത്രമാണ് അധികാരമെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരപ്പ മോദിയുടെ ചിത്രം ഉപയോഗിച്ചാൽ ബി.ജെ.പി.യുടെ നിയമകാര്യ സെൽ നടപടി സ്വീകരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകും.-അശോക പറഞ്ഞു.
രാമായണം സീരിയല്‍ പുനഃസംപ്രേഷണം ചെയ്യുന്നു
ദൂരദർശനില്‍ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു. ദൂരദർശനില്‍ ദിവസവും വൈകുന്നേരം 6 മണിക്ക് ആണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്.രാമാനന്ദസാഗർ ഒരുക്കിയ സീരിയല്‍ ആണ് ദൂരദർശനില്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നത്. എല്ലാ ദിവസും ഉച്ചയ്ക്ക് 12 മണിക്ക് സീരിയല്‍ പുനഃ സംപ്രേഷണം ചെയ്യും. ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് രാമായണം സീരിയല്‍ ദൂരദർശനില്‍ സംപ്രേഷണം ചെയ്തിരുന്നു.അതിനിടെ ഏറെ വിവാദമായ ചിത്രം ‘കേരള സ്റ്റോറി’ ദൂരദർശനില്‍ പ്രദർശിപ്പിച്ചു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതികള്‍ തള്ളയാണ് ചിത്രം സംപ്രേഷണം ചെയ്തത്.