ബെംഗളൂരു : ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനം തങ്ങളുടെ സ്വത്തല്ലെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) വ്യക്തമാക്കിയിട്ടും അതിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിച്ചിട്ടില്ല. മൈതാനം പൊതുജനങ്ങൾക്കുള്ളതാണെന്നും മുസ്ലിംകൾക്ക് പ്രാർത്ഥന നടത്താൻ പരിമിതപ്പെടുത്തിയ വഖഫ് ബോർഡ് സ്വത്തല്ലെന്നും ചൂണ്ടിക്കാട്ടി റസിഡന്റ്സ് ഫോറം ജൂലൈ 12ന് ബെംഗളൂരുവിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നിരവധി വ്യാപാരി സംഘടനകളും വലതുപക്ഷ ഹിന്ദു സംഘടനകളും ഉൾപ്പെടുന്ന ചാമരാജ്പേട്ട് സിറ്റിസൺസ് ഫെഡറേഷൻ, വീടുവീടാന്തരം പ്രചാരണം നടത്താനും സിർസി സർക്കിളിൽ നിന്ന് ഈദ്ഗാ മൈതാനത്തേക്ക് വൻ റാലി നടത്താനും പദ്ധതിയിടുന്നതായി വൃത്തങ്ങൾ അറിയിച്ചു.
ബിജെപി വൃത്തങ്ങൾ പറയുന്നതനുസരിച്ച്,രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) നേതാക്കൾ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി ചർച്ച നടത്തി, ഈദ്ഗാഹ് തർക്കം കൈകാര്യം ചെയ്യാനുള്ള തന്ത്രം ആവിഷ്കരിച്ചു.
നഗരത്തിൽ വർഗീയ കലാപവും അക്രമവുംഅനുവദിക്കാതെ പൊതു ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് സംഘവും ബി.ജെ.പിയും ഒരേ നിലപാടിലാണെന്നാണ് വിവരം.അതേസമയം, ചില ഹിന്ദു സംഘടനകൾ ഈ ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പദ്ധതിയിടുന്നതായി വൃത്തങ്ങൾ അറിയിച്ചു.