Home Featured ദസറ: ആറു കോടിയുടെ വെളിച്ചപ്പെരുമയില്‍ ആറാടി മൈസൂരു നഗരം

ദസറ: ആറു കോടിയുടെ വെളിച്ചപ്പെരുമയില്‍ ആറാടി മൈസൂരു നഗരം

അരമന നഗര… കന്നഡ ഭാഷയില്‍ മൈസൂരുവിന്റെ വിശേഷണമാണ്. ഹിന്ദു -മുഗള്‍ -രാജ്പുത് -ഗോഥിക് വാസ്തു ശൈലിയുടെ സംഗമമായ മൈസൂരു കൊട്ടാരം.മൈസൂരുവിലെ ദസറ ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണം എന്തെന്ന് ചോദിച്ചാല്‍ തര്‍ക്കമില്ലാതെ ഏവരും പറയും മൈസൂര്‍ കൊട്ടാരം ദീപങ്ങളില്‍ ആറാടുന്ന കാഴ്ചയല്ലാതെ മറ്റെന്ത്?നവരാത്രി ഉത്സവവും വിജയദശമി നാളും ചേരുന്ന പത്തു ദിനങ്ങളിലെ ദസറ ഉത്സവം. പത്തു ദിനങ്ങളും ‘അരമന നഗരിക്ക്’ വെളിച്ചത്തിന്റെ ഉത്സവമാണ്. കൊട്ടാരം മാത്രമല്ല, ദീപങ്ങളില്‍ ആറാടാത്ത ഒന്നുമില്ല ഈ നഗരത്തില്‍ എന്ന് തന്നെ പറയേണ്ടി വരും.മൈസൂര്‍ കൊട്ടാരം അഥവാ ‘അംബാവിലാസം’ കൊട്ടാരവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് ദസറ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളെല്ലാം. ചരിത്രം പരിശോധിച്ചാല്‍ ഏകദേശം നാനൂറു വര്‍ഷങ്ങളുടെ പഴക്കമുണ്ട് മൈസൂരുവിലെ ദസറ ആഘോഷങ്ങള്‍ക്ക്.

ദുര്‍ഗാ ദേവിയുടെ അവതാരമായി കണക്കാക്കുന്ന ചാമുണ്ഡേശ്വരി ദേവി മഹിഷാസുരനെ വധിച്ച്‌ സകല തിന്മകളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ച്‌ നന്മയിലേക്ക്, വെളിച്ചത്തിലേക്ക് നയിച്ചതിന്റെ ഓര്‍മ പുതുക്കലാണ് മൈസൂരു ദസറ. അതെ, വെളിച്ചമാണ് ചുറ്റിലും. 145 അടി ഉയരമുള്ള ‘അംബാവിലാസം’ കൊട്ടാരത്തിന്റെ മൂന്നു നിലകളും ദീപങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കാഴ്ച കാണാനും ആസ്വദിക്കാനും മാത്രമായി മൈസൂരുവിലേക്കു വണ്ടി കയറുന്നവരുണ്ട്.പത്തു നാളും ഈ കാഴ്ച മുടക്കമില്ലാതെ ആസ്വദിക്കാം. വൈകിട്ട് ഏഴ് മണിക്കു വിളക്കുകള്‍ കണ്‍തുറക്കും. ഒരു ലക്ഷം ബള്‍ബുകളാണ് കൊട്ടാരത്തിന്റെ ഘടനയെ ചുറ്റി പ്രകാശം പരത്തുന്നത്.

ഈ കാഴ്ച കാണാനുള്ള കാത്തിരിപ്പ് വൈകിട്ട് നാലുമണിയോടെ തുടങ്ങും. ദസറ കാണാൻ നഗരത്തിലെത്തിയവരൊക്കെ സമയമാകുമ്ബോഴേക്കും കൊട്ടാരവളപ്പിലേക്കു പ്രവഹിക്കും.കൊട്ടാരമുറ്റം പൊതുജനങ്ങളെ കൊണ്ട് നിറയും. വിളക്കുകള്‍ തെളിയുമ്ബോള്‍ ആര്‍പ്പുവിളികളുയരും. സ്വദേശികളും വിദേശികളുമൊക്കെ മത്സരമാണ് ആ പ്രകാശവലയത്തില്‍ മോഹിപ്പിക്കുന്ന അഴകോടെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന കൊട്ടാരത്തെ ക്യാമറ ഫ്രെയിമിലാക്കാൻ.ദസറ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 15 അംഗ ഇലക്‌ട്രീഷ്യൻമാരുടെ സംഘം പരിശോധിച്ചാണ് ഒരു ലക്ഷം ബള്‍ബുകളും ഒറ്റ സ്വിച്ചോണില്‍ പ്രഭ ചൊരിയുമെന്നുറപ്പാക്കുന്നത്.

ഉയര്‍ന്ന വോള്‍ട്ടേജുള്ള ഇൻകാഡസെന്റ് ബള്‍ബുകളാണ് കൊട്ടാരത്തിലും ചുറ്റുമതിലിലും അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ദസറ ആഘോഷത്തിന്റെ ആദ്യ എട്ട്‌ ദിവസങ്ങളില്‍ രണ്ടു മണിക്കൂറും അവസാന രണ്ടു ദിനങ്ങളില്‍ മൂന്നു മണിക്കൂറും കൊട്ടാരം വെളിച്ചത്തില്‍ കുളിക്കും. എല്ലാവര്‍ഷവും അൻപതിനായിരത്തിലധികം കേടായ ബള്‍ബുകള്‍ മാറി പുതിയ ബള്‍ബുകള്‍ ഇടും.ബള്‍ബുകള്‍ ഇമ ചിമ്മാതിരിക്കാനും വൈദ്യുതി വിതരണത്തില്‍ പാളിച്ച സംഭവിക്കാതിരിക്കാനും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരിക്കും. കൊട്ടാരത്തിന്റെ ഗോപുരത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചുവന്ന വലിയ ദീപങ്ങള്‍ ഉള്‍പ്പടെ തെളിക്കുന്നതും നിയന്ത്രിക്കുന്നതും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വൻ സംഘമാണ്.

ഒരു നിമിഷം പോലും തടസപ്പെടാതെ ദസറയുടെ ഏറ്റവും സുന്ദരമായ കാഴ്ചകള്‍ നമുക്കൊരുക്കി നല്‍കുകയാണവര്‍.ചാമുണ്ഡേശ്വരി ഇലെക്‌ട്രിസിറ്റി സപ്ലെ കമ്ബനി ( സി ഇ എസ്‌ സി ) ക്കാണ് കൊട്ടാരവും മൈസൂരു നഗരവും ദീപാലംകൃതമാക്കാനുള്ള ഉത്തരവാദിത്തം. ഇത്തവണ 6. 3 കോടി രൂപയാണ് കമ്ബനി ഇതിനായി ചിലവഴിച്ചത്. 3.1 മെഗാവാട്ട് വൈദ്യുതിയാണ് ഇതിനാവശ്യമായി വരുന്നത്. കൊട്ടാരത്തിന്റെ ചുറ്റു മതിലും നഗരത്തിലെ തെരുവുകളും പ്രധാന ജംഗ്‌ഷനുകളും സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമൊക്കെ ദീപങ്ങളാല്‍ അലങ്കരിച്ചതിനു പിന്നില്‍ ഇവര്‍ തന്നെ. ടെണ്ടര്‍ നല്‍കി വിവിധ കരാറുകാരെ ഏല്പിച്ചാണ് അലങ്കാര ജോലികള്‍ പൂര്‍ത്തിയാക്കിയത്.ദസറ കഴിഞ്ഞാലും ആഘോഷങ്ങള്‍ തീരാൻ പിന്നെയും ഒരാഴ്ചയെടുക്കും. അതായതു 17 ദിവസങ്ങളിലേക്കായാണ് ‘അരമന നഗരിയെ’ വെളിച്ചത്തില്‍ കുളിപ്പിച്ച്‌ നിര്‍ത്തിയിരിക്കുന്നത്.

കളക്‌ട്രേറ്റ്, റയില്‍വേ സ്റ്റേഷൻ , പോലീസ് ആസ്ഥാനം, മഹാറാണി കോളേജ്, മൈസൂര്‍ സര്‍വകലാശാല, യുവരാജ കോളേജ്, മഹാരാജാസ് കോളേജ്, പൊതു മേഖല സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ദീപാലംകൃതം.സ്വര്‍ണവര്‍ണ്ണത്തിലും മറ്റു നിറങ്ങളിലും ദീപങ്ങളുടെ വിന്യാസം കാണാം. കൊട്ടാരത്തിലേതിന് വ്യത്യസ്തമായി എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിച്ചാണ് തെരുവുകളിലേയും കെട്ടിടങ്ങളിലെയും ദീപാലങ്കാരം, മഹാത്മാ ഗാന്ധി, ബി ആര്‍ അംബേദ്‌കര്‍, സ്വാമി വിവേകാനന്ദൻ, എപിജെ അബ്ദുള്‍കലാം, മൈസൂര്‍ രാജാവായിരുന്ന കൃഷ്ണരാജ വൊഡയാര്‍ തുടങ്ങിയവരുടെ രൂപങ്ങളിലും പ്രകാശ വിന്യാസം കാണാം.

You may also like

error: Content is protected !!
Join Our WhatsApp Group