സീതാരാമത്തിന്റെ വിജയത്തിന് പിന്നാലെ തെലങ്കാനയിൽ സ്വാതന്ത്ര്യദിനമാഘോഷിച്ച് നടൻ ദുൽഖര്‍ സൽമാനും അണിയറ പ്രവര്‍ത്തകരും. തെലങ്കാന പൊലീസിനൊപ്പം സൈബരാബാദിലാണ് ദുൽഖര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തുറന്ന ജീപ്പിൽ പരേഡ് ഗ്രൗണ്ടിലെത്തിയ ദുൽഖര്‍ പരേഡ് വീക്ഷിക്കുന്നതിന്റെയും പതാക ഉയര്‍ത്തുന്നതിന്റെയും വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.
ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കിയതിന് സൈബരാബാദ് മെട്രോപൊളിറ്റൻ പൊലീസിന് ദുൽഖര്‍ നന്ദി പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സീതാ രാമം പ്രേക്ഷകരിലേക്ക് എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം യുഎഇയിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും ആയിരുന്നു നായികമാര്‍.
സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം. പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്. അതേസമയം, ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് സീതാ രാമം കാഴ്ച വയ്ക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ഇന്ത്യയിൽ നിന്നും 5.25 കോടിയാണ് സീതാ രാമം നേടിയത്.നിലവില്‍ 50 കോടിയോളം രൂപ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.