ബെംഗളൂരു:കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ്‌വിൽപ്പന നടത്തുന്നതിനിടെ രണ്ട് മലയാളിവിദ്യാർഥികൾ ബെംഗളൂരുവിൽ പിടിയിൽ. കോട്ടയംസ്വദേശി അനുപ്രീത് സലിൻ (23), പത്തനംതിട്ട സ്വദേശി ആകാശ് വിനയൻ (23) എന്നിവരെയാണ് മദനായകനഹള്ളി പോലീസ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 12 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന കുനിഗൽ സ്വദേശിയായ രഘു (29) എന്ന കാർ ഡ്രൈവറെയും പോലീസ് പിടികൂടി.
നഗരത്തിലെ സ്വകാര്യകോളേജ് വിദ്യാർഥികളാണ് ഇരുവരും. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇരുവരും രഘുവിന്റെ സഹായത്തോടെയാണ് മറ്റ് കോളേജുകളിലെ വിദ്യാർഥികൾക്ക് കഞ്ചാവെത്തിച്ചു നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് ഒരു സ്വകാര്യകോളേജിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നൈജീരിയൻ സ്വദേശിയാണ് ഇവർക്ക് കഞ്ചാവ് നൽകിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരുപാക്ഷപ്പ കൈക്കൂലി കേസില്‍ അറസ്റ്റില്‍
കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരുപാക്ഷപ്പ അറസ്റ്റില്‍. നേരത്തെ മുന്‍കൂര്‍ ജാമ്യാപക്ഷേയുമായി വിരുപാക്ഷപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് അറസ്റ്റ്.കേസില്‍ പ്രതിയായതിന് പിന്നാലെ വിരുപാക്ഷപ്പ ഒളിവില്‍ പോയിരുന്നു.
കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്നു വിരുപാക്ഷപ്പ. സ്ഥാനം രാജിവയ്ക്കുന്നതായി മുഖ്യമന്ത്രിക്ക് കത്തയച്ചാണ് വിരുപാക്ഷപ്പ ഒളിവില്‍ പോയത്. 300 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.കെഎസ്ഡിഎല്‍ ഓഫീസില്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മകന്‍ പ്രശാന്ത് ആണ് കേസിലെ രണ്ടാം പ്രതി.