ബെംഗളുരു: ബെംഗളുരുവില്‍ മലയാളികള്‍ ഉള്‍പ്പെട്ട വന്‍ലഹരി മാഫിയ പിടിയില്‍. തായ്‌ലൻഡില്‍ നിന്നു വിമാനമാര്‍ഗം എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും ഉള്‍പ്പെടെ എത്തിച്ച് വിദ്യാർത്ഥികള്‍ക്കും ഐടി ജീവനക്കാർക്കും ഇടയില്‍ വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്.പിടിയിലായവരില്‍ 7 പേർ മലയാളികളാണ്. തായ്‌ലൻഡില്‍ നിന്ന് ലഹരി കയറ്റി അയക്കുന്നത് ഒരു മലയാളിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. കേരളത്തില്‍ നിന്നുള്ളവർ ഉള്‍പ്പെട്ട സംഘമാണ് പിടിയിലായിട്ടുള്ളത്. ഇവർക്ക് ആരാണ് ലഹരി നല്‍കിയത് എന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ഹൈഡ്രോ കഞ്ചാവ്. എംഡിഎംഎ, എല്‍എസ്ഡി തുടങ്ങി മാരകമായ മയക്കുമരുന്നുകള്‍ ബെംഗളൂരുവില്‍ എത്തിച്ച് വില്‍പന നടത്തുന്ന വലിയ സംഘത്തെയാണ് കർണാടക പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അമൃതഹള്ളിയില്‍ ലഹരി വില്‍പന നടത്തുന്ന സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. അതിർത്തി കടന്ന് വില്‍പന നടത്തുന്നു എന്നാരോപിച്ചായിരുന്നു തർക്കം. ഇതിന്‍റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് 7 മലയാളികള്‍ ഉള്‍പ്പെട്ട പത്തംഗ സംഘത്തെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. തായ്‌ലൻഡില്‍ നിന്ന് വിമാനമാർഗം ബെംഗളൂരുവില്‍ എത്തിച്ച് വിവിധ സംഘങ്ങള്‍ക്ക് കൈമാറി വിദ്യാർത്ഥികള്‍ക്കും ഐടി ജീവനക്കാർക്കും ഇടയല്‍ വില്‍പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. നൂറ് കിലോ ഹൈഡ്രോ കഞ്ചാവ്, 500 സ്ട്രിപ്പ് എല്‍.എസ്.ഡി. സ്റ്റാമ്പ്, 50 ഗ്രാം എം.ഡി.എം.എ.,500 ഗ്രാം ചരസ്, 10 കിലോ കഞ്ചാവ് എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു.
യെലഹങ്ക, കോറമംഗല, ഹെബ്ബാള്‍ ബെലന്തൂർ എന്നിവിടങ്ങളില്‍ സംഘം ലഹരി വില്‍പന നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.ഡാർക്ക് വെബിനെ മറയാക്കി, ടീം കല്‍ക്കിയെന്ന വെബ് സൈറ്റ് മുഖേനയാണ് ഇവർ തായ്‌ലൻഡില്‍ നിന്ന് ലഹരി എത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തായ്‌ലൻഡില്‍ ഇവർക്ക് ലഹരി കൈമാറിയിരുന്നത് ഒരു മലയാളിയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഇയാളാണ് ലഹരി കച്ചവടത്തിന്‍റെ സൂത്രധാരൻ എന്നും പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാൻ നടപടി തുടങ്ങിയിട്ടുണ്ട്. അമൃതഹള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.