ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാക്കുന്നത് സംബന്ധിച്ച് ഇതാ ഒരു പ്രധാന വാര്‍ത്ത.ഡിഎല്ലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസന്‍സിനായി നിങ്ങള്‍ക്ക് ഇപ്പോള്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ (RTO) കയറിയിറങ്ങേണ്ട ആവശ്യമില്ല. കാരണം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ വളരെ എളുപ്പമാക്കിയിരിക്കുകയാണ്. ഗവണ്‍മെന്റിന്റെ ഈ പുതിയ നിയമത്തെ കുറിച്ച് നമുക്കറിയാം.
ഡ്രൈവിംഗ് ടെസ്റ്റ് ഇനി ആവശ്യമില്ല
ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച്, ഇപ്പോള്‍ നിങ്ങള്‍ക്ക് RTO യില്‍ പോയി ഒരു തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റും നടത്തേണ്ടതില്ല. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഈ നിയമങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ മാസം മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സിനായി ആര്‍ടിഒയുടെ വെയിറ്റിംഗ് ലിസ്റ്റില്‍ കഴിയുന്ന കോടിക്കണക്കിന് ആളുകള്‍ക്കാണ് ഈ പുതിയ മാറ്റത്തിലൂടെ വലിയ ആശ്വാസം ലഭിച്ചിരിക്കുന്നത്.
ഡ്രൈവിംഗ് സ്കൂളില്‍ പോയി പരിശീലനം നേടണം
ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് ആര്‍ടിഒയില്‍ പരീക്ഷയ്ക്ക് കാത്തിരിക്കുന്ന അപേക്ഷകരോട് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് ഇനി ഇവര്‍ക്ക് ഏതെങ്കിലും അംഗീകൃത ഡ്രൈവിംഗ് പരിശീലന സ്കൂളില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി രജിസ്റ്റര്‍ ചെയ്യാമെന്ന്. ഡ്രൈവിംഗ് ട്രെയിനിംഗ് സ്കൂളില്‍ നിന്ന് പരിശീലനം നേടുകയും അവിടെ ടെസ്റ്റ് വിജയിക്കുകയും വേണം. ശേഷം അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും.
എന്താണ് പുതിയ നിയമങ്ങള്‍
പരിശീലന കേന്ദ്രങ്ങള്‍ സംബന്ധിച്ച് റോഡ്, ഗതാഗത മന്ത്രാലയത്തില്‍ നിന്ന് ചില മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും ഉണ്ട്. പരിശീലന കേന്ദ്രങ്ങളുടെ മേഖല മുതല്‍ പരിശീലകന്റെ വിദ്യാഭ്യാസം വരെ ഇതില്‍ ഉള്‍പ്പെടുന്നു.
1. ഇരുചക്ര, ത്രീ വീലര്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഏക്കര്‍ സ്ഥലമുണ്ടെന്ന് അംഗീകൃത ഏജന്‍സി ഉറപ്പാക്കണം. കൂടാതെ ഇടത്തരം ഹെവി പാസഞ്ചര്‍, ചരക്ക് വാഹനങ്ങള്‍ ട്രക്കുകള്‍ എന്നീ വാഹനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ക്ക് രണ്ട് ഏക്കര്‍ സ്ഥലം ആവശ്യമാണ്.
2. പരിശീലകന്‍ കുറഞ്ഞത് 12-ാം ക്ലാസ് പാസായിരിക്കണം കൂടാതെ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം ഒപ്പം ട്രാഫിക് നിയമങ്ങളില്‍ നല്ല പരിചയമുണ്ടായിരിക്കണം.
3. ഒരു അധ്യാപന പാഠ്യപദ്ധതിയും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്ന കോഴ്സിന്റെ ദൈര്‍ഘ്യം പരമാവധി 4 ആഴ്ചയായിരിക്കും അതായത് 29 മണിക്കൂര്‍. ഈ ഡ്രൈവിംഗ് സെന്ററുകളുടെ സിലബസ് തിയറിയും പ്രക്ടിക്കലും ചേര്‍ത്ത് 2 ഭാഗങ്ങളായി വിഭജിക്കും.
4. അടിസ്ഥാന റോഡുകള്‍, ഗ്രാമീണ റോഡുകള്‍, ഹൈവേകള്‍, നഗര റോഡുകള്‍, റിവേഴ്‌സ്, പാര്‍ക്കിംഗ്, കയറ്റത്തിലും ഇറക്കത്തിലും ഡ്രൈവിംഗ് തുടങ്ങിയവയില്‍ ഡ്രൈവിംഗ് പഠിക്കാന്‍ 21 മണിക്കൂര്‍ ചെലവഴിക്കണം. തിയറി ഭാഗം മുഴുവന്‍ കോഴ്‌സിന്റെ 8 മണിക്കൂര്‍ ഉള്‍ക്കൊള്ളും, അതില്‍ റോഡ് നിയമങ്ങള്‍, ട്രാഫിക് നിയമങ്ങള്‍, അപകടങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കല്‍, പ്രഥമശുശ്രൂഷ, ഡ്രൈവിംഗ്, ഇന്ധനക്ഷമത എന്നിവ ഉള്‍പ്പെടുന്നു.