ബെംഗളൂരു: കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസി സ്വർണം കവരുന്നതിനിടെ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി.ബെംഗളൂരുവിലെ നെലമംഗലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 69 വയസ്സുകാരിയായ ശോഭയാണ് കൊല്ലപ്പെട്ടത്. രോഗബാധിതനായി 12 വർഷമായി വീല്‍ചെയറില്‍ കഴിയുന്ന ഭർത്താവിന്റെ മുന്നില്‍ വെച്ചായിരുന്നു ഈ ക്രൂരത.ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അയല്‍വാസിയായ ശിവകുമാർ (36) വെള്ളം ചോദിച്ച് ശോഭയുടെ വീട്ടിലെത്തിയത്. ശോഭ വെള്ളം എടുക്കാൻ പോയപ്പോള്‍ ഇയാള്‍ മോഷണശ്രമം നടത്തുകയായിരുന്നു. സ്വർണം പിടിച്ചുപറിക്കാൻ ശ്രമിച്ചത് തടഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശിവകുമാർ ശോഭയെ കുത്തുകയായിരുന്നു. നൂറ് ഗ്രാം സ്വർണവുമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ തന്നെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. തനിക്ക് വൻതോതില്‍ കടബാധ്യതയുണ്ടെന്നും ലോണുകള്‍ തിരിച്ചടയ്ക്കാനുള്ള പണത്തിന് വേണ്ടിയാണ് കവർച്ച നടത്തിയതെന്നും ശിവകുമാർ പോലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച സ്വർണം പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.