ബെംഗളൂരു∙ ഭാര്യയെ മുത്തലാഖ് ചൊല്ലിയ ശേഷം രാജ്യം വിടാനൊരുങ്ങിയ നാല്പതുകാരനായ ഡോക്ടറെ ബെംഗളൂരു വിമാനത്താവളത്തില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 2022 ഒക്ടോബര്‍ 22നാണ് മുപ്പത്തിയാറുകാരിയായ ഭാര്യയെ കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരിയിലുള്ള ഡോക്ടര്‍ മുത്തലാഖ് ചൊല്ലിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പെട്ടെന്നുള്ള മുത്തലാഖ് നിയമവിരുദ്ധമാക്കിയ 2019ലെ നിയമപ്രകാരം പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിട്ടനിലേക്കു കടക്കാനായിരുന്നു ശ്രമം. ഇയാളുടെ പേര് വിവരങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടിട്ടില്ല.
2018ലാണ് യുവതിയും ഡോക്ടറും പരിചയപ്പെട്ടത്. 2020ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്കു മക്കളില്ല. ലജ്പത് നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍, തനിക്ക് പരീക്ഷയ്ക്ക് തയാറെടുക്കാനുണ്ടെന്നും പഠനത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും പറഞ്ഞ് ഡല്‍ഹിയുടെ മറ്റൊരു ഭാഗത്തേക്കു മാറിത്താമസിച്ചു. കല്യാണ്‍പുരിയിലെ ഈസ്റ്റ് വിനോദ് നഗറിലേക്കാണ് ഇയാൾ ഒറ്റയ്ക്ക് താമസം മാറിയത്. പുതിയ സ്ഥലത്തേക്കു മാറിയതോടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി.
തുടർന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13ന് യുവതി ഭർത്താവ് താമസിക്കുന്ന കല്യാണ്‍പുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ഡോക്ടര്‍ അവിടെ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറുമായി ഭര്‍ത്താവിന് രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തന്നെ ക്രൂരമായി മര്‍ദിക്കുകയും മുത്തലാഖ് ചൊല്ലിയതെന്നും യുവതി പൊലീസിനോടു പറഞ്ഞു. അതേസമയം, യുവതിക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലാത്തതിനാൽ മുത്തലാഖ് ചൊല്ലിയതെന്നാണ് ഡോക്ടര്‍ പൊലീസിനോടു പറഞ്ഞത്.
ഒറ്റയടിക്കുള്ള മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മൂന്ന് വര്‍ഷം തടവുശിക്ഷ വിധിക്കുന്നതും അടക്കമുള്ള ബില്‍ 2019 ഓഗസ്റ്റ് 1നാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.
കൊച്ചിയുടെ കായല്‍ സൗന്ദര്യം ആസ്വദിച്ചൊരു യാത്ര; ഒരാള്‍ക്ക് ടിക്കറ്റിന് 300 രൂപ മാത്രം
കൊച്ചിയുടെ കായല്‍ സൗന്ദര്യം ആസ്വദിച്ച് മൂന്നര മണിക്കൂര്‍ നീളുന്ന ഉല്ലാസയാത്ര ഒരുക്കി ‘ഇന്ദ്ര’.രാജ്യത്തെ ആദ്യ സോളാര്‍ ബജറ്റ് ക്രൂയിസായ ഇന്ദ്രയാണ് ഈ ഉല്ലാസയാത്ര സമ്മാനിക്കുന്നത്.മൂന്നരക്കോടി രൂപ ചെലവിലാണ് ജലഗതാഗത വകുപ്പിന്റെ ‘ഇന്ദ്ര’ ക്രൂയിസ് ഒരുങ്ങുന്നത്. ഫ്രഞ്ച് സാങ്കേതികവിദ്യയിലുള്ള ക്രൂയിസിന്റെ അന്തിമ ജോലികള്‍ അരൂരില്‍ പുരോഗമിക്കുകയാണ്. ഒരാള്‍ക്ക് 300 രൂപയാണ് ടിക്കറ്റ് വില.
ഒരേസമയം 100 പേര്‍ക്ക് ഇന്ദ്രയില്‍ സഞ്ചരിക്കാം. ദിനംപ്രതി രണ്ട് ട്രിപ്പുകളാകും ഉണ്ടാവുക. ആദ്യത്തേത് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും. രണ്ടാമത്തെ യാത്ര ഉച്ചയ്ക്ക് മൂന്നര മുതലും ആരംഭിക്കും. രണ്ടാമത്തെ യാത്രയില്‍ സൂര്യാസ്തമയവും കാണാം.എറണാകുളം ജെട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇന്ദ്ര വൈപ്പിന്‍ കടല്‍മുഖം, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ കാഴ്ചകള്‍ കണ്ടാണ് മടങ്ങുക.ഈ മാസം 24ന് കൊല്ലത്ത് ‘സീ അഷ്ടമുടി’ എന്ന ബജറ്റ് ടൂറിസം പദ്ധതിയും ആരംഭിക്കുന്നുണ്ട്.