
ന്യൂദല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ നിര്‍ബന്ധമാക്കിയ മാസ്‌ക് പൊതുസ്ഥലങ്ങളില്‍ ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ സ്വീകരിക്കുന്ന ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രാലയം നല്‍കിയ മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കണം എമന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുത് എന്നും നിര്‍ദേശമുണ്ട്. അതേസമയം മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന് മാത്രമാണ് നിര്‍ദേശത്തില്‍ പറയുന്നത്. മാസ്‌ക് ധരിക്കേണ്ട എന്ന് നിര്‍ദേശത്തില്‍ പറയുന്നില്ല. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പിന്നാലെ കേരളം പുതിയ ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
കഴിഞ്ഞ ദിവസം രാജ്യത്ത് 1,778 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് -19 കേസുകളുടെ എണ്ണം 4,30,12,749 ആയി ഉയര്‍ന്നു. അതേസമയം സജീവ കേസുകളുടെ എണ്ണം 800 ലധികം കുറഞ്ഞ് 23,087 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,16,605 ആയി ഉയര്‍ന്നു. മൊത്തം രോഗബാധയുടെ 0.05 ശതമാനമാണ് സജീവമായ കേസുകള്‍.
അതേസമയം രാജ്യത്തെ കോവിഡ് -19 രോഗമുക്തി നിരക്ക് 98.75 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 826 കേസുകളുടെ കുറവ് സജീവമായ കോവിഡ് -19 കേസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.26 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.36 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 6,77,218 കൊവിഡ് -19 ടെസ്റ്റുകള്‍ നടത്തി. ഇന്ത്യ ഇതു വരെ 78.42 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം 4,24,73,057 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണ നിരക്ക് 1.20 ശതമാനമാണ്. രാജ്യ വ്യാപകമായി കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 181.89 കോടി ഡോസ് നല്‍കി.