ബെംഗളൂരു: കർണാട കോണ്‍ഗ്രസ് നടത്തുന്ന മേക്കേദാട്ടു പദയാത്രയില്‍ പങ്കെടുത്ത് ലിംഗായത്ത് സന്യാസിമാർ. ഭരണകക്ഷിയായ ബി ജെ പിയെ ലക്ഷ്യമിട്ട് നടത്തുന്ന കോണ്‍ഗ്രസിന്റെ ഈ പദയാത്രയില്‍ ലിംഗായത്ത് സന്യാസിമാർ പങ്കെടുത്തതിന് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ചിത്രദുർഗ ആസ്ഥാനമായുള്ള മുരുഘരാജേന്ദ്ര മഠത്തിന്റെ തലവനും പ്രമുഖ ലിംഗായത്ത് മഠാധിപതിയുമായ ശ്രീ ശിവമൂർത്തി മുരുഘാ ശരണരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോണ്‍ഗ്രസ് പദയാത്രക്ക് ആശംസകളുമായി രംഗത്ത് എത്തിയത്. “കുടിവെള്ളത്തിനായുള്ള ഞങ്ങളുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ മുരുഘരാജേന്ദ്ര ദർശൻ തെരുവിലിറങ്ങിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഞാനും പാർട്ടിയും അദ്ദേഹത്തോട് നന്ദിയുള്ളവനാണ്, “- കെ പി സി സി പ്രസിഡന്റ് ഡികെ ശിവകുമാർ പറഞ്ഞു.കുടിവെള്ള പദ്ധതി അതിവേഗം നടപ്പാക്കാനുള്ള തങ്ങളുടെ നീക്കം ശക്തമാക്കിയതായും കെ പി സി സി പ്രസിഡന്റ് പറഞ്ഞു. പദയാത്രയുടെ രണ്ടാം ഘട്ടത്തിലെ രണ്ടാം ദിവസം ബിഡദിയിൽ നിന്ന് പുനരാരംഭിക്കുകയും കെങ്കേരിയിൽ അവസാനിക്കുകയും ചെയ്തു. ഏകദേശം 20 കിലോമീറ്ററോളമായിരുന്നു പദയാത്ര തിങ്കളാഴ്ച പിന്നിട്ടത്. സന്യാസിമാർ പദയാത്രയില്‍ പങ്കുചേർന്നത് കോണ്‍ഗ്രസിന് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.ബിഎസ് യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതുമായി ബന്ധപ്പെട്ട് ലിംഗായത്ത് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. സന്യാസിമാർ ഉള്‍പ്പടെ തങ്ങളുടെ അതൃപ്തി പരസ്യമാക്കി രംഗത്ത് വരികയും ചെയ്തു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്ത ലിംഗായത്ത് നേതാക്കളുടെ നടപടിയെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. സമുദായത്തെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമം ഡികെയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തിരുന്നു.ഡികെ ശിവകുമാർ ഉൾപ്പെടുന്ന വൊക്കലിഗ സമുദായത്തിന് സ്വാധീനശക്തിയുമുള്ള ബനന്തൂർ ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ സന്യാസികള്‍ കോൺഗ്രസ് പ്രവർത്തകരെ പുഷ്പാഞ്ജലികളോടെ സ്വീകരിക്കുകയായിരുന്നു. മാർച്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കത്തുന്ന വെയിലിനെ അവഗണിച്ച് നിരവധി പേർ പങ്കെടുക്കുന്നുണ്ടെന്നും മുന്‍ മുഖ്യമന്ത്രിയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. മഹാശിവരാത്രി ആഘോഷങ്ങള്‍ക്കിടെ പദയാത്ര ചൊവ്വാഴ്ച ബെംഗളൂരു നഗരത്തിൽ പ്രവേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, ഹുബ്ബള്ളിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മേക്കേദാട്ടു പദയാത്രയിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നത്. അതിന് യാതൊരു പ്രാധാന്യവും നൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ഭരണകാലത്ത് പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) പോലും തയ്യാറാക്കാൻ സാധിച്ചിരുന്നില്ലെന്ന് ജനങ്ങൾക്ക് അറിയാം. മേക്കേദാട്ടു, കലസ ബന്ദുരി പദ്ധതികളിൽ നിന്ന് ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ തീരുമാനങ്ങളും സംസ്ഥാനം കൈക്കൊള്ളും. ഇതിൽ രാഷ്ട്രീയം പാടില്ലെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.