ബെംഗളൂരു : ബെംഗളൂരുവിലെ റോഡുകളിൽ ഗതാഗതത്തിരക്കിൻ്റെ പേരുപറഞ്ഞ് പ്രത്യേക നികുതി ചുമത്താൻ സർക്കാർ ആലോചിക്കുന്നെന്ന പ്രചാരണം തെറ്റെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഔട്ടർ റിങ് റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ‘കൺജഷൻ നികുതി’ ഏർപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് നേരത്തെ വിവരം പുറത്തുവന്നത്.
നഗര ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഈ മേഖലയിലെ വിദഗ്‌ധരെ പങ്കെടുപ്പിച്ച നടത്തിയ യോഗത്തിലാണ് കൺജഷൻ നികുതി ഏർപ്പെടുത്തി തിരക്ക് കുറക്കാമെന്ന നിർദേശം മുന്നോട്ടുവന്നത്. ഒരാൾ മാത്രം സഞ്ചരിക്കുന്ന കാറിന് ഈ നികുതി ഏർപ്പെടുത്താനായിരുന്നു നിർദേശം.കാറിനുപകരം പൊതുവാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ച് ഇതുവഴി ഗതാഗതക്കുരുക്കിന് കുറവുവരുത്താമെന്നായിരുന്നു വിദഗ്‌ധരുടെ നിർദേശം. ഇതിൽ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
തുഗ്ലക് പരിഷ്‌കാരമാണെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക വിമർശിച്ചു. തീരുമാനത്തിന് കോടതിയിൽനിന്ന് തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പും നൽകി. റോഡിലെ അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകാതെയാണ് നികുതി ഏർപ്പെടുത്തുന്നതെന്ന് പരിഹസിച്ചു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നില്ലെന്നും പ്രചാരണം കള്ളമാണെന്നും ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ചൊവ്വാഴ്ച വ്യക്തമാക്കിയത്.
ചില വ്യവസായികൾ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷേ, അത് സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടില്ല-ശിവകുമാർ വ്യക്തമാക്കി.
 
