വിവാഹം കഴിക്കുന്നതിനെകുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയില്‍ കേശവന് (65) മകനായ ശിവമണി(30) യെയാണ് വെട്ടിക്കൊന്നത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കൂലിവേലക്കാരായ കേശവനും ഭാര്യ പളനിയമ്മാളിനും മൂന്ന് മക്കളാണ് .മൂത്ത രണ്ടു പെണ്മക്കളുടെയും വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശിവമണി കഴിഞ്ഞ വര്‍ഷം മുതല്‍ നാട്ടിലാണ്.
തനിക്ക് വിവാഹം കഴിക്കണമെന്ന ആവശ്യം ശിവമണി കേശവനോട് സൂചിപ്പിച്ചിരുന്നു. ഇതുമായി പലപ്പോഴും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുകയായിരുന്ന ഇരുവരും വീണ്ടും ഇതേകുറിച്ച് സംസാരിക്കുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്ത മൂന്ന് വര്‍ഷം കുടുംബത്തിലേക്ക് അയച്ച പണത്തെ ചൊല്ലിയും തര്‍ക്കമുണ്ടായി. പ്രകോപിതനായ കേശവന് കോടാലി ഉപയോഗിച്ച് ശിവമണിയെ വെട്ടിക്കൊല്ലുകയായിരുന്നു. കരച്ചില് കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ശിവമണിയെയാണ് കണ്ടത്. ഉടന്‍ ഉളുന്ദൂര്‍ പേട്ടസര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവം നടന്ന ഉടന്‍ കേശവന് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.