ധ്രുവങ്കൾ പതിനാറ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വരവറിയിച്ച സംവിധായകനാണ് കാർത്തിക് നരേൻ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അരവിന്ദ് സ്വാമി, ശ്രിയ ശരൺ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നരഗാസുരൻ എന്ന സിനിമ കാർത്തിക് നരേൻ ഒരുക്കിയിരുന്നു.
എന്നാൽ ചിത്രത്തിന്റെ നിർമാതാവായ സംവിധായകൻ ഗൗതം മേനോനുമായുള്ള തർക്കത്തെ തുടർന്ന് ചിത്രം പുറത്തിറക്കാനായില്ല.ഇപ്പോളിതാ ചിത്രം വാങ്ങാനാകുമോ എന്ന് കോടീശ്വര വ്യവസായി ഇലോൺ മസ്കിനോട് ചോദിച്ചിരിക്കുകയാണ് കാർത്തിക്. ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിലൂടെയാണ് കാർത്തിക് നരേൻ അഭ്യർഥിച്ചിരിക്കുന്നത്.
നിങ്ങൾ ചൊവ്വയിൽ പോകുന്നതിന് മുൻപ് ചിത്രം വാങ്ങിയാൽ പുണ്യം ആയിരിക്കുമെന്നാണ് കാർത്തിക് നരേൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. 4400 കോടി ഡോളറിന് ട്വിറ്ററിനെ പൂർണമായി ഏറ്റെടുത്ത് വാർത്തകളിൽ ഇലോൺ മസ്ക് നിറഞ്ഞ് നിൽക്കുമ്പോളാണ് അഭ്യർഥനയുമായി കാർത്തിക് നരേൻ രംഗത്തെത്തിയിരിക്കുന്നത്.
2022 ഏപ്രിൽ വരെ ഏകദേശം 273 ബില്യൺ യു.എസ്. ഡോളറാണ് മസ്കിന്റെ ആസ്തി.