സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എല്‍ഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറില്‍ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകള്‍ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാള്‍ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല.
തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു. അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവെച്ചു. സിദ്ധിഖിനെതിരെ കേസ് എടുക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ട്.
ഇന്ന് രാവിലെ രഞ്ജിത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു. വയനാട് തൃക്കൈപ്പറ്റയിലെ സ്വന്തം റിസോർട്ടിലുണ്ടായിരുന്ന രഞ്ജിത്ത് ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. ചെയർമാൻ ബോർഡ് അഴിച്ചുമാറ്റിയാണ് ഔദ്യോഗിക വാഹനം അവിടെ നിന്നും പോയത്. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് അദ്ദേഹം രാജി വയ്ക്കുമെന്ന് അറിയിച്ചത്.
പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത്ത് മുറിയിലെത്തിയെന്നും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. പിന്നാലെ കഴുത്തിലും മുടിയിലും തലോടിയെന്നുമായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തൽ. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഓഡിഷന് വേണ്ടി വിളച്ചതാണെന്നും കഥാപാത്രത്തിന് അനുയോജ്യമല്ലെന്ന് കണ്ടതോടെയാണ് സിനിമയിലെടുക്കാതിരുന്നതെന്നായിരുന്നു രഞ്ജിത്തിന്റെ വാദം.