പാലക്കാട്: ചരക്കുനീക്കം സുഗമമാക്കുന്നതിന് ഡിജിറ്റല്‍ പാഴ്സല്‍ മാനേജ്മെന്റ് സിസ്റ്റം (പി.എം.എസ്) നടപ്പിലാക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. ഇതുവഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിയില്‍ പാഴ്സലുകളും ബുക്ക് ചെയ്യാന്‍ സാധിക്കും. പാഴ്സല്‍ ഉടമയ്ക്കും അത് കൈപ്പറ്റുന്നവര്‍ക്കും യഥാസമയം സന്ദേശം ലഭിക്കുകയും പി.എം.എസ് വഴി സാധിക്കും.
കൊവിഡിനുശേഷം ചരക്കുകടത്തില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ പാഴ്സലുകള്‍ക്കും ചരക്കുകടത്തിനും സാഹചര്യമൊരുക്കി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാഴ്സല്‍ സര്‍വീസ് പരിഷ്കരണം. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിലെ രണ്ടു ഡിവിഷനുകളില്‍ തെരഞ്ഞെടുത്ത 24 സ്ഥലത്ത് ഉള്‍പ്പെടെ രാജ്യത്തെ 520 സ്റ്റേഷനുകളില്‍ നവംബറോടെ സംവിധാനം നിലവില്‍ വരും.
ഡിജിറ്റലൈസേഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. പുതിയ സംവിധാനത്തിനുള്ള മെഷീനുകളെല്ലാം ഉടന്‍ ഡിവിഷന് ഓഫീസുകളിലെത്തും. ഡിജിറ്റലൈസേഷന് പൂര്‍ണമാകുന്നതോടെ സ്റ്റേഷനില്‍ എത്താതെ എല്ലാ ചരക്കുകളും പാഴ്സലുകളും ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
പാഴ്സല്‍ വിവരങ്ങളെല്ലാം മൊബൈല്‍ വഴി അറിയാനാകും
നിശ്ചിത ഫോമില്‍ വിവരം രേഖപ്പെടുത്തിയാണ് ചരക്കുകളും പാഴ്സലുകളും ഇപ്പോള്‍ ബുക്ക് ചെയ്യുന്നത്. അത് സ്വീകരിക്കുന്നയാള്‍ ട്രെയിന്‍ എത്തുന്ന സമയം മനസിലാക്കി സ്റ്റേഷനില്‍ ചെന്ന് നേരിട്ടു കൈപ്പറ്റണം.
വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള പാഴ്സലുകള്‍ സ്റ്റേഷനുകളില്‍ എത്തുമ്ബോള്‍ മാത്രമാണ് പാഴ്സല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും അവയെ കുറിച്ച് രേഖാമൂലം വിവരം ലഭിക്കുക. എന്നാല്‍ പുതിയ സംവിധാനം വഴി റെയില്‍വേ ഓഫീസിലെത്തി പാഴ്സല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ ടിക്കറ്റിലുള്ള പി.എന്‍.ആര് നമ്ബര്‍ പോലെ പി.ആര്.ആര് (പ്രോഗ്രസീവ് റഫറന്‍സ് റെക്കാഡ്) നമ്ബര്‍ ലഭിക്കും. ഇതടങ്ങുന്ന ബാര്‍കോര്‍ഡ് പാഴ്സലിനുമേല് പതിക്കുന്നതിനാല്‍ അത് എപ്പോള്‍, ഏതു ട്രെയിനില്‍ കയറ്റി, എവിടെ എത്തി എന്നീ കാര്യങ്ങള്‍ ഉടമയ്ക്കും സ്വീകരിക്കുന്ന ആള്‍ക്കും മൊബൈല്‍ വഴി അറിയാന്‍ കഴിയും.
പാലക്കാട് ഡിവിഷന് കീഴില്‍ പത്തു സ്റ്റേഷനുകളില്‍
പാലക്കാട് ജംഗ്ഷന്, ഷൊര്‍ണൂര്‍ ജംഗ്ഷന്, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട്, മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജംഗ്ഷന് എന്നീ പത്ത് സ്റ്റേഷനുകളിലായാണ് പാലക്കാട് ഡിവിഷന്റെ കീഴില്‍ ഡിജിറ്റല്‍ പാഴ്സല്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുന്നത്.