പരസ്പരം തക്കാളി എറിഞ്ഞും തക്കാളി ജ്യൂസില്‍ കുളിച്ചുമുള്ള സ്‌പെയിനിലെ ‘ലാ ടൊമാറ്റിന’ (La Tomatina) എന്ന തക്കാളിയേറ് ആഘോഷം പലരും കേട്ടിട്ടുണ്ടാവും.ഇതുപോലെ ഒരു ആഘോഷം ഇന്ത്യയിലും നടക്കുന്നുണ്ടെന്ന് നിങ്ങളില്‍ എത്രപേര്‍ക്ക് അറിയാം. പക്ഷെ ഇവിടെ ചെറിയൊരു വ്യത്യാസമുണ്ട്. തക്കാളിയേറിന് പകരം ചാണകമാണ് (Cow Dung) ഇവിടെ പരസ്പരം എറിയുന്നത്. സംഭവം സത്യമാണ്, എല്ലാ വര്‍ഷവും ഇന്ത്യയിലെ ഈ ഗ്രാമത്തില്‍ ചാണകം വാരിയെറിഞ്ഞുള്ള ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഈ ചാണകയേറ് ആഘോഷത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ചരിത്രം കൂടിയുണ്ട്.
കര്‍ണാടകയിലെ (Karnataka) തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗുമാതാപുര (Gumatapura) എന്ന ഗ്രാമത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ദീപാവലി (Diwali) ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് ചാണകയേറ് ചടങ്ങ് നടക്കുക. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഈ വലിയ ആഘോഷത്തിനെ ഗോരെഹബ്ബ (Gorehabba) എന്നാണ് വിളിക്കുന്നത്.
ദീപാവലി സമാപന ദിവസം ഉച്ചകഴിഞ്ഞ് ഗ്രാമത്തിലെ പശുക്കളുള്ള വീടുകളില്‍ നിന്ന്, ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ‘ചാണകം’ ശേഖരിക്കുന്നതോടെയാണ് ഗോരെഹബ്ബ ഉത്സവം ആരംഭിക്കുന്നത്. തുടര്‍ന്ന് ശേഖരിച്ച ചാണകങ്ങള്‍ ട്രാക്ടറുകളിലോ വണ്ടികളിലോ ഗ്രാമത്തിലെ ബീരേശ്വര ക്ഷേത്രത്തില്‍ എത്തിക്കും.
ക്ഷേത്ര പുരോഹിതര്‍ ചാണകം പൂജിച്ചതിന് ശേഷം, പരിസരത്തുള്ള തുറസായ സ്ഥലത്തെ ഒരു വലിയ കുഴിയില്‍ നിക്ഷേപിക്കും. പിന്നീട് ചടങ്ങിന്റെ പ്രത്യേക ഘട്ടത്തില്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ കുഴിയില്‍ ഇറങ്ങി ചാണകമെടുത്ത് പരസ്പരം എറിയാന്‍ തുടങ്ങും. ആണ്‍കുട്ടികളും പുരുഷന്മാരുമാണ് ചടങ്ങില്‍ പ്രധാനമായും പങ്കെടുക്കുന്നത്. ഇവിടെ ഈ ചടങ്ങ് നടത്താന്‍ ആരംഭിച്ചിട്ട് നൂറ് വര്‍ഷത്തിലേറെ ആയി എന്നാണ് വിവരം. എല്ലാ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ ചാണകയേറ് ഉത്സവം കാണാന്‍ ഇവിടെയെത്താറുണ്ട്. ചാണകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
അസുഖ ബാധിതരായിട്ടുള്ളവര്‍ ഈ ചടങ്ങില്‍ പങ്കെടുത്താല്‍ രോഗം മാറി സുഖപ്പെടുമെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. ‘എന്തെങ്കിലും അസുഖമുള്ളവര്‍ ഈ ചടങ്ങില്‍ പങ്കെടുത്താല്‍ രോഗം ഭേദമാകും,’ ശനിയാഴ്ച നടന്ന ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകനായ മഹേഷ്, ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.കഴിഞ്ഞ വര്‍ഷം 2020ല്‍, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സമയത്തും ഗോരെഹബ്ബ ഉത്സവം സംഘടിപ്പിച്ചിരുന്നു.
പ്രാദേശിക ഭരണകൂടം ഇതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, വളരെ കുറച്ച് ആളുകള്‍ മാത്രമാണ് അന്ന് ഈ പരമ്ബരാഗത ഉത്സവത്തില്‍ പങ്കെടുത്തത്.ഇന്ത്യയില്‍ ചാണകം എറിഞ്ഞ് ആഘോഷിക്കുന്ന ഒരേയൊരു ഉത്സവം ഇതല്ല. ആന്ധ്രയില്‍ ഏപ്രില്‍ മാസത്തിലെ ഉഗാദിക്ക് (തെലുങ്ക് പുതുവത്സരം) കര്‍ണൂലിലെ കൈരുപ്പാല ഗ്രാമത്തിലും ചാണകം പരസ്പരം എറിഞ്ഞുള്ള ആഘോഷം നടക്കാറുണ്ട്.