ബെംഗളൂരു: കർണാടകയില്‍ രാഷ്ട്രീ വിവാദത്തിന് തിരികൊളുത്തി അശ്ലീല വീഡിയോ വിവാദം. ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരെയാണ് അശ്ലീല വീഡിയോ സംബന്ധിച്ച ആരോപണം ഉയർന്നിരിക്കുന്നത്.ബലാത്സംഗദൃശ്യങ്ങള്‍ അടക്കമുള്ള അശ്ലീലവീഡിയോകളാണ് പ്രജ്വലിനെതിരെ പുറത്ത് വന്നത്.പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നേരത്തേയും സമാനമായ ആരോപണം ഉയർന്നിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് വീഡിയോ പുറത്ത് വരുന്നത്. കർണാടകയിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് തൊടുമുമ്ബാണ് സ്ത്രീകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച അശ്ലീല വീഡിയോകള്‍ ഹസനില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിടുകയായിരുന്നു.’ഹസനില്‍ കുറച്ച് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായാണ് ആ ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഈ കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അവരുടെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് മുഖ്യമന്ത്രി ജി സിദ്ധരാമയ്യ നിർദേശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ജര്‍മനിയിലെ ഫ്രാന്‍ക്ഫര്‍ട്ടിലേക്കാണ് പ്രജ്വല്‍ പോയതെന്നാണ് സൂചന.സ്ഥാനാർത്ഥിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജെ ഡി എസ് ആസ്ഥാനത്ത് ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുമുണ്ട്. വീഡിയോകള്‍ വ്യാജമാണെന്നാണ് ജെ ഡി എസ് വാദം.
രേവണ്ണയെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ള പ്രചരണമാണ് ഇത്. വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നില്‍ നവീന്‍ ഗൗഡയാണെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ജെ ഡ എസ് – ബി ജെ പി സഖ്യത്തിന്റെ ഇലക്ഷന്‍ ഏജന്റ് പൂര്‍ണചന്ദ്ര തേജസ്വിയുടെ പ്രതികരണം.2019 ലെ തിരഞ്ഞെടുപ്പിലാണ് പ്രജ്വല്‍ രേവണ്ണ ആദ്യമായി ഹാസനില്‍ നിന്നും ജനവിധി തേടുന്നത്. അന്നത്തെ കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യത്തിന് സംസ്ഥാനത്ത് വിജയിക്കാന്‍ കഴിഞ്ഞ രണ്ട് സീറ്റുകളില്‍ ഒന്നായിരുന്നു ഹാസന്‍. എന്നാല്‍ ഇത്തവണയും പ്രജ്വലിന് സീറ്റ് നല്‍കിയതില്‍ പാർട്ടിക്ക് ഉള്ളില്‍ തന്നെ വിമർശനം ശക്തമായിരുന്നു. ബി ജെ പി സഖ്യത്തില്‍ ജെ ഡി എസ് സംസ്ഥാനത്ത് മത്സരിക്കുന്ന മൂന്ന് സീറ്റുകളില്‍ ഒന്നാണ് ഹാസന്‍.