ബെംഗലൂരു: ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റിന്റെ (ഡി3) മാതൃകയില്‍ ബെംഗലൂരു ഡിസൈന്‍ ഡിസ്ട്രിക്റ്റ് സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കര്‍ണാടക ഐടി, ബിടി ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണ്‍ അറിയിച്ചു.
ഗ്രാഫിക്, ഫാഷന്‍, ഡിജിറ്റല്‍ ഡിസൈനര്‍മാര്‍, ചിന്തകര്‍, ആര്‍ക്കിടെക്റ്റുകള്‍, ആര്‍ട്ടിസ്റ്റുകള്‍, സംഗീതജ്ഞര്‍ തുടങ്ങി ക്രിയേറ്റിവ് രംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവര്‍ക്കുമായുള്ള ക്രിയേറ്റിവ് ഹബ്ബായാണ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് സന്ദര്‍ശിച്ചതിന് ശേഷം മന്ത്രി പറഞ്ഞു.യുകെയിലെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (ഐഎസ്ഡിസി), ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് ബെംഗലൂരു ഡിസൈന്‍ ഡിസ്ട്രിക്റ്റിന്റെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ബെംഗലൂരുവില്‍ 100-150 ഏക്കറിലായി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, പ്രോഡക്‌ട് ഡിസൈന്‍, ഡിജിറ്റല്‍ ഡിസൈന്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡിസൈന്‍, സ്മാര്‍ട്ട് സിറ്റി ഡിസൈന്‍, ആര്‍ക്കിടെക്ച്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍ തുടങ്ങി വിവിധ ഡിസൈന്‍ മേഖലകള്‍ക്കുള്ള ആഗോള ഔട്ട്‌സോഴ്‌സിങ് കേന്ദ്രമായാണ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.വിദഗ്ധ പരിശീലനം നല്‍കി മികച്ച ഡിസൈനര്‍മാരെ വാര്‍ത്തെടുക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈന്‍ സ്‌കൂളും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
കോര്‍പ്പറേറ്റുകള്‍ക്കുള്ള വര്‍ക്ക് സ്‌പേസ്, കോവര്‍ക്കിങ് സ്‌പേസ്, ഡിസൈന്‍ ഇന്‍ക്യുബേറ്റര്‍, ഓപ്പന്‍ ഡിസൈന്‍ സ്‌പേസ്, സൂപ്പര്‍ ഫാബ് ലാബ്, മീറ്റിങ്, കോണ്‍ഫറന്‍സ് റൂമുകള്‍, ക്രിയേറ്റിവ് സ്റ്റുഡിയോ, 3ഡി ഗെയിം ഡിസൈന്‍ സ്റ്റുഡിയോ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഡിസൈന്‍ ഡിസ്ട്രിക്റ്റില്‍ ഒരുക്കും. ഇതിന്റെ ഭാഗമായി വര്‍ഷാവര്‍ഷം ബെംഗലൂരു ഡിസൈന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി അശ്വത് നാരായണ്‍ അറിയിച്ചു.