Home കർണാടക വെള്ള പുതച്ച്‌ കര്‍ണാടകയിലെ ഗ്രാമങ്ങള്‍; മഞ്ഞ് കാണാൻ ഇനി മണാലിക്ക് വണ്ടി കയറണ്ട, വീഡിയോ വൈറല്‍

വെള്ള പുതച്ച്‌ കര്‍ണാടകയിലെ ഗ്രാമങ്ങള്‍; മഞ്ഞ് കാണാൻ ഇനി മണാലിക്ക് വണ്ടി കയറണ്ട, വീഡിയോ വൈറല്‍

by ടാർസ്യുസ്

ബെംഗളൂരു: മണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളില്‍ മ‌ഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്.എന്നാല്‍ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം. അതെ കഴിഞ്ഞ ദിവസങ്ങളില്‍ കർണാകട ഗ്രാമങ്ങളില്‍ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടു. ഇതോടെ ഭൂമിയും മരങ്ങളും ഏതാണ്ട് മുഴുവനായും മഞ്ഞില്‍ പുതച്ച്‌ നില്‍ക്കുന്ന കർണാടക ഗ്രാമങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പ്രകൃതിയുടെ വിക‍ൃതി

കശ്മീരിലെ ഒരു കുന്നിൻ പ്രദേശത്തിന് സമാനമായ ദൃശ്യമെന്നായിരുന്നു കർണാടകയിലെ ദൃശ്യങ്ങളെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയത്. ചൊവ്വാഴ്ച (മാർച്ച്‌ 18) വൈകുന്നേരം കർണാടകയിലെ ധാർവാഡ് ജില്ലയിലെ കല്‍ഘട്ട്ഗി പട്ടണത്തിനും സമീപ ഗ്രാമങ്ങളിലും അപ്രതീക്ഷിതമായി ശക്തമായ ആലിപ്പഴ വർഷമുണ്ടായി. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ശക്തമായ ആലിപ്പഴ വർഷമായിരുന്നതിനാല്‍ മണിക്കുറുകള്‍ക്കുള്ളില്‍ പ്രദേശം മുഴുവനായും മഞ്ഞില്‍ പുതഞ്ഞു. റോഡുകളും മരങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം വെള്ള വിരിച്ചത് പോലെ മഞ്ഞില്‍ പുതഞ്ഞ് കിടന്നു. ആദ്യത്തെ അമ്പരപ്പ് മാറിയതോടെ ഗ്രാമവാസികള്‍ മഞ്ഞില്‍ കളിക്കുന്നതും മറ്റുമുള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു.എഐയോയെന്ന് സംശയിച്ച്‌

ആലിപ്പഴം വീണ് വെള്ള നിറത്തിലായ റോഡുകളും ഗ്രാമ ചിത്രങ്ങളും കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അത് എഐ നിർമ്മിതമാണോയെന്ന് സംശയിച്ചു. പലരും കർണാടകയില്‍ മഞ്ഞ് വീഴ്ചയോ എന്ന് അതിശയം കൊണ്ടു. കാലാവസ്ഥാ വ്യതിയാന കാലത്ത് ഇനിയും എന്തൊക്കെ കാണാനിരിക്കുന്നുവെന്ന് മറ്റ് ചിലർ കുറിച്ചു. അതേസമയം ശക്തമായി മഞ്ഞ് വീഴ്ചയില്‍ വാഹനങ്ങള്‍ റോഡുകളില്‍ സ‍ർവീസ് നിർത്തിവച്ചു. ആലിപ്പഴം ഉരുകി മാറുന്നത് വരെ വാഹന ഗതാഗതം നിർത്തിവച്ചു. ധാർവാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വർഷവും മഴയും റിപ്പോർട്ട് ചെയ്തെങ്കിലും ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച്‌ കല്‍ഘട്ട്ഗിയില്‍ തീവ്രത വളരെ കൂടുതലായിരുന്നെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ഇടിമിന്നല്‍ മുന്നറിയിപ്പ്

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (IMD) ബെംഗളൂരു കേന്ദ്രം മാർച്ച്‌ 18 ന് നിരവധി ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും മണിക്കൂറില്‍ 30-40 കിലോമീറ്റർ വേഗതയില്‍ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബെംഗളൂരു, ചിക്കബെല്ലാപൂർ, കോലാർ, തുംകുരു, മാണ്ഡ്യ, രാമനഗര, മൈസൂരു, ഹാസൻ, ദാവണഗെരെ, ബെല്ലാരി, വിജയനഗര എന്നീ പ്രദേശങ്ങളില്‍ ശക്തമായ മഴയും പ്രവചിച്ചിരുന്നു. അതേസമയം ചാമരാജനഗർ, മൈസൂരു, ഹാസൻ, ബെലഗാവി, ധാർവാഡ്, വിജയപുര, കൊപ്പല്‍, ഹുബ്ബള്ളി എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളില്‍ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മാർച്ച്‌ 20 വരെ കർണാടകയുടെ തീരദേശ, വടക്കൻ ഉള്‍നാടൻ, തെക്കൻ ഉള്‍നാടൻ ഭാഗങ്ങളില്‍ ഇടിമിന്നലും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group