ബെംഗളൂരു: ഹോസ്റ്റലിൽ താമസിക്കുന്ന മലയാളി യുവതിയോട് അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശി മനു ശർമ (39)യാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ യൂത്ത് ഹോസ്റ്റലിലാണ് സംഭവം.കോട്ടയം സ്വദേശിയായ 28 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. യുവാവും ഇതേ ഹോസ്റ്റലിലാണ് താമസം. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഇയാൾ കഴിഞ്ഞ കുറച്ചു ദിവസമായി യുവതിയെ ഉപദ്രവിക്കുകയും അസഭ്യം പറയുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഹോസ്റ്റലിലെ ഗെയിംസ് മുറിയിൽ സക്കർ സ്റ്റിക്കുകളും ബോളുകളും യുവതിക്കു നേരെ എറിഞ്ഞതിനെ തുടർന്നാണ് ഇന്ദിരാനഗർ പോലീസിൽ പരാതി നൽകിയത്. ഹോസ്റ്റലിലെ മറ്റ് സ്ത്രീകൾക്കെതിരെ മനു അശ്ലീല പരാമർശങ്ങൾ നടത്തിയതായും യുവതി പരാതിയിൽ ആരോപിച്ചു. ബിഎൻഎസ് സെക്ഷൻ 74 പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തത്.