Home Featured ഷിരൂരില്‍ ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി;ഡിഎൻഎ പരിശോധന നടത്തും

ഷിരൂരില്‍ ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി;ഡിഎൻഎ പരിശോധന നടത്തും

ബംഗളൂരു: കർണാടകയിലെ ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങല്‍ വിദഗ്ദനായ ഈശ്വർ മല്‍പ്പയാണ് മൃതദേഹം കണ്ടെത്തിയന്ന കാര്യം അറിയിച്ചത്.അകനാശിനി ബാഡ മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ജീർണിച്ച അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. അതേസമയം, മണ്ണിടിച്ചിലില്‍ കണാതായ കോഴിക്കോട് സ്വദേശി അർജുന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അർജുന്റെ സഹോദരന്റെ ഡിഎൻഎ സാമ്ബിള്‍ നേരത്തെ ശേഖരിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് പൊലീസ് പുറപ്പെട്ടിട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും മൃതദേഹം സ്ഥിരീകരിക്കേണ്ടതുണ്ട്. ആദ്യം പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് ഡിഎൻഎ പരിശോധനയിലേക്ക് കടക്കുകയുള്ളൂ. മൃതദേഹത്തിന്റെ കാലില്‍ വല കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്.

മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചിരുന്നു. നിലവിൽ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്. അർജുൻ്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. സന്ദർശനത്തിന് പിന്നാലെയാണ് കർണാടകയ്ക്ക് കത്തയച്ചത്.

ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് ബാങ്കിൽ ജോലി നൽകി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഔദ്യോഗികമായി അറിയിച്ചത്.അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി സര്‍വ്വീസ് സകരണ ബാങ്കിലാണ് ജോലി നല്‍കുക. അര്‍ജുന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ എല്ലാ രീതിയിലും തുടരുമെന്നും മന്ത്രി പ്രതികരിച്ചു.അര്‍ജുന്റെ വീട്ടുകാര്‍ അങ്ങനെയൊരു ആവശ്യവും പറഞ്ഞിട്ടില്ല.

എന്നാല്‍ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. ആ നിലയില്‍ ബാങ്ക് ഭരണസമിതി തന്നെ മുന്‍കൈ എടുത്തു. എല്ലാ നിലയിലും ഇക്കാര്യത്തില്‍ ഇടപെടും എന്ന് അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജോലി സ്വീകരിക്കാന്‍ തയാറാണെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. വീടിന്റെ അടുത്ത് തന്നെയാണ് വേങ്ങേരി ബാങ്കെന്നും നടന്നു പോകാവുന്ന ദൂരമേയുള്ളുവെന്നും കൃഷ്ണപ്രിയ പറഞ്ഞു.അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് നേരത്തെ കര്‍ണാടക ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് നോട്ട്സ് ആണ് ഇപ്പോഴും ഗംഗാവലി നദിയിലെ അടിയൊഴുക്ക്.

ഈ സാഹചര്യത്തില്‍ തിരച്ചില്‍ നടത്താനാവില്ല. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group