മുംബൈ : വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിന് നേരെ സ്വാതന്ത്ര്യദിനമായ ഇന്ന് 10.30 ന് വധഭീഷണി. രാവിലെ 10.30 ഓടെ റിലയൻസ് ഫൗണ്ടേഷന്റെ ഹര്‍കിസന്ദാസ് ആശുപത്രി നമ്പറിലേക്കാണ് മൂന്ന് ഭീഷണി സന്ദേശം ലഭിച്ചത്. കുടുതൽ വിവരങ്ങൾ ലഭിക്കാനായി ഡിബി മാര്‍ഗ് പൊസീസ് അന്വേഷണം നടത്തി വരികയാണ്. റിലയൻസ് ഫൗണ്ടേഷനാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുംബൈയിലെ ദഹിസാര്‍ മേഖലയിലെ ഒരാളെ പൊലീസ് പിടികൂടി. ഇയാൾക്ക് വധഭീഷണി സന്ദേശവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. റിലയൻസ് ഇന്റസ്ട്രീ അധികൃതരും ആശുപത്രിയിലെ സീനിയര്‍ ഡോക്ടറും സ്റ്റേഷനിലെത്തി മൊഴി നൽകി. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ നിന്ന് സ്ഫോടക വസ്തുക്കൾ നിറച്ച കാര്‍ കണ്ടെടുത്തിരുന്നു.
അംബാനി കുടുംബത്തിനെതിരായ ഭീഷണിക്കത്തും ഈ കാറിൽ നിന്ന് ലഭിച്ചിരുന്നു. സംഭവം അറിഞ്ഞ ഉടൻ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് അടക്കം വൻ പൊലീസ് സന്നാഹം തന്നെ അംബാനിയുടെ വീടായ അന്റിലിയയിൽ എത്തിയിരുന്നു. അംബാനിയുടെ വീടിന് മുന്നിൽ കണ്ട സ്കോര്‍പ്പിയോയുടെ ഉടമയായ താനെ കേന്ദ്രീകരിച്ചുള്ള ബിസിനസുകാരൻ മൻസുഖ് ഹിരെൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറിയിരുന്നു.
ഒരാഴ്ച മുമ്പ് വാഹനം മോഷണം പോയെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. ഒരു അരുവിയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തി ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന താൻ പണിതെടുത്ത വമ്പൻ കമ്പനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികൻ ആകാനും അംബാനി താണ്ടിയ ദൂരങ്ങൾ വലുതാണ്.