ബംഗളൂരു: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ പ്രസവിക്കേണ്ടിവന്ന ഗര്‍ഭിണിയും ഇരട്ടകുഞ്ഞുങ്ങളും മരിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു.
ആരോഗ്യവകുപ്പ് കമീഷണറാണ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുക. ഇവര്‍ രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഗൈനക്കോളജി ഡോക്ടര്‍ അടക്കമുള്ള ആരോഗ്യവകുപ്പ് ജീവനക്കാരെ പിരിച്ചുവിടുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികളില്‍ ക്രമീകരണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തിലുള്ള രോഗികള്‍ക്ക് ആദ്യം ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ഇത്തരത്തിലുള്ള ഉത്തരവ് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് പുതുക്കി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദാരുണസംഭവം. തമിഴ്നാട്ടുകാരിയും ഒരുമാസം മുമ്ബ് കര്‍ണാടകയിലെ തുമകുരുവിലെ ഭാരതി നഗറിലേക്ക് താമസം മാറുകയും ചെയ്ത 35കാരിയും ഇരട്ടകുഞ്ഞുങ്ങളുമാണ് തുമുകുരു ജില്ല ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ പ്രസവിക്കുകയും കുഞ്ഞുങ്ങളടക്കം മരിക്കുകയും ചെയ്തത്. ആശുപത്രി നഴ്സുമാരായ യശോദ, ദിവ്യഭാരതി, സവിത, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഉഷ എന്നിവരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ഇടപെട്ടു. ഇത്തരം കാര്യങ്ങള്‍ നാടിന് അപമാനകരമാണെന്ന് കമീഷന്‍ പ്രസിഡന്‍റ് കെ. നാഗണ്ണ ഗൗഡ പറഞ്ഞു. ഗര്‍ഭിണികളും നവജാതശിശുക്കളും മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ല ആശുപത്രികളില്‍ 24 മണിക്കൂറും പ്രസവ ചികിത്സ വിദഗ്ധരും ഗൈനക്കോളജി ഡോക്ടര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി.
ആധാര്‍ കാര്‍ഡും തായി (ഗര്‍ഭിണി) കാര്‍ഡും ഇല്ലെന്ന കാരണത്താല്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ട തുമകുരു ജില്ല ആശുപത്രിയില്‍ അദ്ദേഹം കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തി.]
തീക്കൊള്ളി കൊണ്ട് കുത്തി, കടിച്ചും അടിച്ചും ക്രൂര പീഡനം; കൊന്നത് 4 വയസുകാരിയെ, ദമ്പതികള്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് തിരുപ്പൂരിൽ നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ദമ്പതികൾ അറസ്റ്റിൽ. വിരുന്നിന് പോയപ്പോൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന കുട്ടിയെ പൊള്ളലേൽപ്പിച്ചും അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുപ്പൂർ പല്ലടം സ്വദേശികളായ രാജേഷ് കുമാർ, കീർത്തിക എന്നിവരാണ് അറസ്റ്റിലായത്. വിരുന്നുപോയ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് ഏതാനം ദിവസത്തേക്ക് കൂട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെയാണ് ദമ്പതിമാർ അടിച്ചും പൊള്ളലേൽപ്പിച്ചും കൊന്നത്.
തിരുപ്പൂർ, പല്ലടം സ്വദേശികളായ രാജേഷ് കീർത്തിക എന്നിവരാണ് പ്രതികൾ. ദിണ്ടിഗൽ വടമധുരക്കടുത്ത് ചെങ്കുളത്തുപ്പട്ടിയിലെ പ്രകാശിന്‍റേയും ഗൗരിയുടേയും കുഞ്ഞാണ് മരിച്ചത്. പ്രതികളായ ദമ്പതിമാർ ഇവരുടെ അകന്ന ബന്ധുക്കളാണ്. നാലുവയസുകാരി ശിവാനിയോട് ഇവർ കാട്ടിയിരുന്ന അടുപ്പം കൊണ്ട് രണ്ട് കുടുംബങ്ങളും അടുത്ത ബന്ധത്തിലായിരുന്നു. ശിവാനിയെ ഇടക്കിടെ രാജേഷും കീർത്തികയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ദീപാവലി അവധിക്ക് ദിണ്ടിഗൽ ചെങ്കുളത്തുപ്പട്ടിയിലെ വീട്ടിൽ വിരുന്നുവന്ന രാജേഷും കീർത്തികയും തിരികെ പോകുമ്പോൾ കുട്ടിയെയും ഒപ്പം കൂട്ടി. ഏതാനം ദിവസം കഴിഞ്ഞ് കുട്ടി വീണ് പരിക്കേറ്റ് വടമധുര സർക്കാർ ആശുപത്രിയിലാണെന്ന് വീട്ടുകാരെ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശിവാനി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു.
പ്രകാശിന്‍റെ പരാതിയെത്തുടർന്ന് വടമധുരൈ പൊലീസ് കേസെടുത്ത് രാജേഷ് കുമാറിനേയും കീർത്തികയേയും ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പറഞ്ഞാൽ അനുസരിക്കാത്തതിനാണ് കുട്ടിയെ മൃഗീയമായി പരിക്കേൽപ്പിച്ചത് എന്നാണ് ഇവരുടെ മൊഴി. തീക്കൊള്ളി കൊണ്ട് കുത്തിയും കടിച്ചും അടിച്ചും കുട്ടിയെ പീഡിപ്പിച്ചു. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദമ്പതിമാരാണ് പ്രതികൾ. ഇരുവരുടേയും മാനസികനില തകരാറിലാണെന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുള്ള സൂചന.