ബെംഗളൂരു: കന്നഡ നടന് വജ്ര സതീഷ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍. കഴുത്തിലും വയറ്റിലും മാരകായുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. രണ്ടു പേര് സംഭവത്തില്‍ അറസ്റ്റിലായി. ഒന്ന് ഭാര്യയുടെ സഹോദരനാണ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നല്കുന്ന സൂചന. ഏതാനും ചില ചിത്രങ്ങളില്‍ മാത്രമാണ് വജ്ര സതീഷ് വേഷമിട്ടിട്ടുള്ളത്. ആര്‍ആര്‍ നഗറിലെ പട്ടനഗരെയിലെ വാടക വീട്ടിലാണ് കുത്തേറ്റ് മരിച്ച നിലയില്‍ വജ്ര സതീഷിനെ കണ്ടെത്തിയത്.
സംശയം തോന്നിയ അയല്‍വാസിയാണ് ബഹളം കേട്ട് ആദ്യമെത്തിയത്. തുടര്‍ന്ന് വാടക വീടിന്റെ ഉടമസ്ഥനെ ഇയാള്‍ വിവരം അറിയിച്ചു. പോലീസിനെ വിളിച്ചുവരുത്തി. പോലീസ് എത്തി വാതില്‍ തുറന്നുനോക്കുമ്ബോള്‍ കിടപ്പുമുറിയില്‍ രക്തം നിറഞ്ഞിട്ടുണ്ട്. റൂമില്‍ വച്ച് തന്നെ ജീവന് നഷ്ടമായി എന്നാണ് പോലീസ് പറയുന്നത്. ലഗോരി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് സതീഷ്. ഇയാള്‍ ഒരു സലൂണ്‍ നടത്തുകയും ചെയ്തിരുന്നു. 2020 മുതല്‍ ഈ വീട്ടിലാണ് സതീഷ് താമസം.
ഏഴ് മാസങ്ങള്‍ക്ക് മുമ്ബാണ് ഭാര്യ മരിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യയെ സതീഷ് ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ കുടുംബം ആരോപിക്കുന്നത്. മതിയായ ചികില്‍സ നല്കിയിരുന്നെങ്കില് ഭാര്യ മരിക്കില്ലായിരുന്നുവെന്നും കുടുംബം പറയുന്നു. ഇതിലുള്ള വൈരാഗ്യമാണ് സഹോദരന് സുദര്ശന് ക്രൂരത കാണിക്കാന്‍ കാരണം എന്നാണ് പോലീസ് പറയുന്നത്.
‘കുഞ്ഞിനെ കാണാന്‍ വല്ലപ്പോഴുമാണ് സതീഷ് വന്നിരുന്നതത്രെ. മകനെ വിട്ടുകിട്ടണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സുദര്‍ശനെ കൂടാതെ ഇയാളുടെ സുഹൃത്ത് നാഗേന്ദ്ര എന്ന വ്യക്തിയും അറസ്റ്റിലയിട്ടുണ്ട്. സതീഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും.