ബംഗളൂരു: ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതം നല്‍കുമെന്ന് വാഗ്ദാനം നല്കി ഐ.ടി. ജീവനക്കാരനായ യുവാവിന്റെ 61 ലക്ഷം രൂപ സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തതായി പരാതി.ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസക്കാരനായ ഉദയ് ആണ് പരാതിയുമായി സൈബര്‍ ക്രൈം പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സൈബര്‍ ക്രൈം പോലീസ് അറിയിച്ചു.ഒരുമാസം മുമ്ബാണ് ഓഹരിവിപണി സംബന്ധിച്ച വിവരങ്ങള്‍ നല്കുന്ന ടെലഗ്രാം ഗ്രൂപ്പില്‍ ഉദയ് അംഗമായത്. ഇതില്‍ ഒരുദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പരസ്യംകാണുകയും ഈ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുകയും ചെയ്തു. ആദ്യനിക്ഷേപമായി 10,000 രൂപ അടയ്ക്കുകയും ചെയ്തു. അന്നുവൈകീട്ട് മുടക്കുമുതല്‍ അടക്കം 20,000 രൂപയാണ് ലഭിച്ചത്.
രണ്ടുദിവസം ഇതേരീതിയില്‍ നിക്ഷേപംനടത്തുകയും ലാഭം നേടുകയും ചെയ്തശേഷം മൂന്നാംദിവസം 20 ലക്ഷം രൂപ ഉദയ് നിക്ഷേപിച്ചു. എന്നാല്‍ പണംതിരിച്ചുകിട്ടിയില്ല. ആപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നികുതിസംബന്ധിച്ച പ്രശ്നത്തെത്തുടര്‍ന്നാണ് പണം പിൻവലിക്കാൻ കഴിയാത്തതെന്നും 20 ലക്ഷംരൂപകൂടി അടച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നും ഇവര്‍ നിര്‍ദേശിക്കുകയായിരുന്നു.തുടര്‍ന്ന് 20 ലക്ഷം കൂടി ഉദയ് നിക്ഷേപിച്ചു. ഇതോടെ പണം അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും തുക പൂര്‍ണമായി പിൻവലിക്കണമെങ്കില്‍ ആപ്പിന്റെ പ്രീമിയം അക്കൗണ്ട് എടുക്കണമെന്നുമായിരുന്നു ഉദയ്ക്ക് ലഭിച്ച സന്ദേശം. 20 ലക്ഷം രൂപകൂടി അടയ്ക്കുന്നതോടെയേ പ്രീമിയം അംഗത്വം ലഭിക്കുകയുള്ളൂവെന്നും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതനുസരിച്ച് പലയിടങ്ങളില്‍ നിന്നായി കടം വാങ്ങി 20 ലക്ഷം കൂടി ഉദയ് നിക്ഷേപിച്ചു. പിന്നീട് പലവട്ടം ശ്രമിച്ചിട്ടും പണം പിൻവലിക്കാനോ ആപ്പ് അധികൃതരുമായി ബന്ധപ്പെടാനോ കഴിയാതിരുന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് ഉദയ്ക്ക് ബോധ്യമായത്. ഇതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.