Home Featured ക്രിപ്റ്റോ കറൻസി തട്ടിപ്പ് : കോടികളുമായി മുങ്ങിയ ആളുടെ സഹായിയെ തട്ടിക്കൊണ്ടു പോകൽ : നാടകീയമായി തളിപ്പറമ്പിലെ തട്ടിപ്പ് കേസ്

ക്രിപ്റ്റോ കറൻസി തട്ടിപ്പ് : കോടികളുമായി മുങ്ങിയ ആളുടെ സഹായിയെ തട്ടിക്കൊണ്ടു പോകൽ : നാടകീയമായി തളിപ്പറമ്പിലെ തട്ടിപ്പ് കേസ്

തളിപ്പറമ്പ:കോടികളുമായി മുങ്ങിയ 22 കാരന്റെ കാണാതായ സഹായിയെ പോലീസ് കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഇയാളെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളതായാണ് വിവരം. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ ടി.പി.സുഹൈറിനെയാണ്(26) കിഡ്‌നാപ്പിംഗ് സംഘത്തില്‍ നിന്നും ഇന്നലെ പോലീസ് രക്ഷപ്പെടുത്തിയത്. തടിക്കടവിലെ സഹോദരിയുടെ വീട്ടില്‍വെച്ചാണ് പോലീസ് സുഹൈറിനെ കണ്ടെത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് സൂഹൈര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയാണെന്ന് പറഞ്ഞത്. മാതാവ് പരാതി നല്‍കിയ വിവരം അറിഞ്ഞ സംഘം ഇയാളെ തടിക്കടവിലെ സഹോദരിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇന്നലെയാണ് കോടികളുമായി 22 കാരന്‍ മുങ്ങിയ വിവരം പുറത്തുവന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 13 ദിവസം കൊണ്ട് 1,30,000 രൂപ തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പണം നിക്ഷേപിച്ചത്. ഇത്തരത്തില്‍ ഒരു ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി സ്ത്രീകള്‍ സ്വര്‍ണം ഉള്‍പ്പെടെ നിക്ഷേപിച്ചതായും വിവരമുണ്ട്.

ചിറവക്കിന് സമീപത്തെ കെട്ടിടം കേന്ദ്രീകരിച്ച് ഉന്നതരായ പലരുടെയും ഹവാല പണവും കള്ളപ്പണവും കൈക്കലാക്കിയ ശേഷമാണ് യുവാവ് മുങ്ങിയത്. സമ്പന്നന്മാരായ പലരില്‍ നിന്നും ഇയാള്‍ തട്ടിയെടുത്ത തുക 100 കോടിയിലധികം വരുമെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ മാത്രമേ  അന്വേഷണത്തില്‍ കൂടുതല്‍ പുരോഗമനം ഉണ്ടാവുകയുള്ളു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള സുഹൈറിനോ കൂട്ടാളി അദ്‌നാനോ ഈ സാമ്പത്തിക തട്ടിപ്പില്‍ ഒരുലാഭവും ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഭാവിയില്‍ ഉപകാരമുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആള്‍ക്കാരെ ഇതിലേക്ക് ചേര്‍ക്കാന്‍ വേണ്ടി പ്രേരിപ്പിച്ചതെന്നാണ് സുഹൈറിന്റെ മൊഴി. ഇന്ന് വൈകുന്നേരത്തോടെ കൂടുതല്‍ വിവരങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ക്രിപ്‌റ്റോ കറന്‍സി (Cryptocurrency)ഇടപാടിലൂടെ വന്‍ ലാഭം കൊയ്യാം എന്ന ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച്‌ യുവാവ് 100 കോടിയോളം രൂപ തട്ടിയതായി ആക്ഷേപം.പണവുമായി ഇയാള്‍ കടഞ്ഞുകളഞ്ഞതായാണ് വിവരം. കണ്ണൂര്‍ ചപ്പാരപ്പടവില്‍ താമസിച്ചിരുന്ന 22 കാരനാണ് ആളുകളെ കബളിപ്പിച്ച്‌ കോടികളുമായി മുങ്ങിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇയാള്‍ തളിപ്പറമ്ബിന് അടുത്ത് ട്രെയ്ഡിംഗ് ബിസിനസ് സ്ഥാപനം നടത്തിയിരുന്നു. യുവാവിനെ കൂടാതെ മറ്റു രണ്ടു പേര്‍ കൂടി സ്ഥാപനത്തില്‍ പങ്കാളികളായി ഉണ്ടായിരുന്നു എന്നാണ് വിവരം. സ്ഥാപനത്തെ വിശ്വസിച്ചാണ് പലരും വന്‍ തുക നിക്ഷേപിക്കാന്‍ തയ്യാറായത്. നിക്ഷേപകരില്‍ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും വിവരമുണ്ട്.

പതിനഞ്ച് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിലധികം തുക നല്‍കാമെന്ന് പറഞ്ഞാണ് ആളുകളില്‍നിന്ന് ഇയാള്‍ തുക സമാഹരിച്ചത്. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ ലാഭം നല്‍കുകയും ചെയ്തു. എന്നാല്‍ പലരും ലാഭം കിട്ടിയ പണം വീണ്ടും ഇയാളുടെ പക്കല്‍ തന്നെ നിക്ഷേപിച്ചു. വന്‍ തുക മോഹിച്ച്‌ പലരും രണ്ടു ലക്ഷത്തോളം രൂപ വീതം വരെ ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒടുവില്‍ പണവും ലാഭവും എല്ലാം എടുത്ത് യുവാവ് കടന്നു കളഞ്ഞതായാണ് പരാതി.

ഇടപാടുകാര്‍ക്ക് ഇയാള്‍ പണം സ്വീകരിച്ചതായും 30 ശതമാനത്തിലധികം ലാഭം നല്‍കാമെന്ന് ഉറപ്പ് നല്‍കുന്നതായും മുദ്ര പത്രത്തില്‍ എഴുതി നല്‍കും. ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാനും ഇരുപത്തിരണ്ടുകാരന് പ്രത്യേകം കഴിവുണ്ടായിരുന്നതായി നാട്ടുകാര്‍ ചിലര്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച സ്ഥാപനം അടഞ്ഞുകിടക്കുന്നത് കണ്ടതോടുകൂടിയാണ് പലരും യുവാവിനെ തിരക്കിയത്. തുടര്‍ന്നാണ് ഇയാള്‍ മുങ്ങിയതായി നാട്ടുകാര്‍ മനസ്സിലാക്കിയത്. ആഡംബര ജീവിതമാണ് യുവാവ് നയിച്ചിരുന്നത്.

പണം നഷ്ടപ്പെട്ട ഒരാള്‍ യുവാവിന്റെ രണ്ട് ബൈക്കുകളും മല്‍സ്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. മല്‍സ്യം വാങ്ങിയ വകയില്‍ തന്നെ യുവാവ് ഇയാള്‍ക്ക് രണ്ട് ലക്ഷം രൂപയോളം കൊടുക്കാനുണ്ട്.

യുവാവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയ നിലയിലാണ്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി നിക്ഷേപകര്‍ സംശയിക്കുന്നു. വിദേശത്തും യുവാവിന് ബിസിനസ് ബന്ധങ്ങളുണ്ട് എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്. സമ്ബന്നര്‍ മുതല്‍ സാധാരണക്കാര്‍ വരെ യുവാവിന്റെ കെണിയില്‍ വീണതായാണ് വിവരം. വിവിധ വാട്സ്‌ആപ്പ് കൂട്ടായ്മകളിലും സാമൂഹ്യ മാധ്യമങ്ങളിലും യുവാവിന്റെ വിവിധതരത്തിലുള്ള ഫോട്ടോകളും തട്ടിപ്പിനെ സംബന്ധിച്ചുള്ള വിശദാംശങ്ങളും പ്രചരിക്കുന്നുണ്ട്. ഫോട്ടോകളില്‍ ആഡംബര ജീവിതം നയിക്കുന്ന ആളാണ് യുവാവ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് വസ്ത്രധാരണം.

നൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന് ആക്ഷേപം ഉണ്ടായിട്ടുംസംഭവത്തില്‍ ഇതുവരെ ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. എങ്കിലും തട്ടിപ്പിന്റെ വിവരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിനാല്‍ പോലീസ് ചില അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.

വിഷയം സാമ്ബത്തിക തട്ടിപ്പ് ആയതിനാല്‍ പരാതിയുമായി ആരെങ്കിലും മുന്നോട്ടു വന്നാല്‍ മാത്രമേ പോലീസിന് കൃത്യമായ നടപടി സ്വീകരിക്കാനാവൂ. തട്ടിപ്പിനിയായ ഇവര്‍ പരാതിയുമായി വൈകാതെ രംഗത്ത് വരും എന്നാണ് തളിപ്പറമ്ബ് പോലീസ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group