കാസര്‍കോട്: ഏറെക്കാലത്തെ മുറവിളിയ്‌ക്കൊടുവിലാണ് കാസര്‍കോട് – മംഗളൂരു റൂട്ടില്‍ കെഎസ്‌ആര്‍ടിസി യാത്ര ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍, മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ആര്‍ടിസി നല്‍കുന്ന ഇളവിന്‍റെ മൂന്നിലൊന്ന് പോലും കേരളം നല്‍കുന്നില്ലെന്ന പരാതി ശക്തമാണ്. യാത്ര ഇളവ്, വിദ്യാര്‍ഥികളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
വിദ്യാര്‍ഥികള്‍ക്ക് കെഎസ്‌ആര്‍ടിസി അനുവദിച്ച ഇളവ് പ്രകാരം ഒരു മാസത്തേക്ക് 2,960 രൂപയുടെ റീചാര്‍ജ് ചെയ്യണം. അതായത് മംഗളൂരില്‍ പോയി തിരിച്ചുവരാൻ ഒരു ദിവസം 98 രൂപ ബസിന് നല്‍കണം. സാധാരണ യാത്രക്കാര്‍ക്ക് 148 രൂപയാണ് (കാസര്‍കോട് മുതല്‍ മംഗളൂരു വരെയും തിരിച്ചും) നല്‍കേണ്ടത്. അതേസമയം, കര്‍ണാടക ആര്‍ടിസിയില്‍ ആറുമാസത്തേക്ക് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് 1,050 രൂപ മാത്രമാണ് നല്‍കേണ്ടത്. പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് 1,550 രൂപയും.
ലഭിക്കുക, 30 ശതമാനം നിരക്കിളവ്: കേരള ആര്‍ടിസിയെക്കാള്‍ മൂന്നിരട്ടി ലാഭമാണ് കര്‍ണാടക ആര്‍ടിസിയില്‍ സഞ്ചരിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. എന്നാല്‍, രാവിലെ കേരള ആര്‍ടിസി ബസുകള്‍ മാത്രമാണ് കാസര്‍കോട് നിന്നുമുള്ളത്. നേരത്തെ എത്തേണ്ട വിദ്യാര്‍ഥികള്‍ക്ക് പണംമുടക്കി കേരള ആര്‍ടിസിയെ ആശ്രയിക്കാതെ വേറെ മാര്‍ഗമില്ല. അല്ലെങ്കില്‍, കര്‍ണാടകയുടെ കൂടുതല്‍ ബസുകള്‍ രാവിലെ സര്‍വീസ് നടത്തേണ്ടി വരും. ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്ക് ഒടുവിലാണ് കാസര്‍കോട് – മംഗലാപുരം റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സീസണ്‍ ടിക്കറ്റ് അനുവദിച്ചത്.
വിദ്യാര്‍ഥി സംഘടനകളുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യമായിരുന്നു യാത്ര ഇളവ്. കര്‍ണാടകത്തിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലും നിരവധി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവര്‍ യാത്ര ഇളവ് ഇല്ലാത്തതിനാല്‍ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. കര്‍ണാടക ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ഇളവ് ഉണ്ടെങ്കിലും രാവിലെ ബസ് ഇല്ല. പുതിയ തീരുമാനം അനുസരിച്ച് കാസര്‍കോട് -മംഗലാപുരം റൂട്ടില്‍ കെഎസ്‌ആര്‍ടിസിയില്‍ 30 ശതമാനം നിരക്ക് ഇളവാണ് ലഭിക്കുക.
വിദ്യാര്‍ഥികള്‍ക്ക് ആര്‍എഫ്‌ഐഡി കാര്‍ഡ് നല്‍കും. വിദ്യാര്‍ഥിയുടെ ഫോട്ടോയും ഐഡി കാര്‍ഡ് നമ്ബറും ആര്‍എഫ്‌ഐഡി കാര്‍ഡില്‍ ഉണ്ടാകും. ആദ്യ തവണ കാര്‍ഡ് വിലയായി 100 രൂപ നല്‍കണം. തുടര്‍ന്ന് 100 രൂപ മുതല്‍ 2,000 രൂപ വരെ റീചാര്‍ജ് ചെയ്‌ത് ഉപയോഗിക്കാം. ഒരു കലണ്ടര്‍ മാസം 20 ദിവസം യാത്ര ചെയ്യാം. അടുത്ത അധ്യയന വര്‍ഷം മുതല്‍ കണ്‍സഷന്‍ അനുവദിച്ച് തുടങ്ങും.
പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്‌ആര്‍ടിസി: പുതുതായി 520 ഡീസല്‍ ബസുകളും 500 ഇലക്‌ട്രിക് ബസുകളും വാങ്ങാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ഇതിനായി കരാര്‍ വിളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 814 കോടി രൂപയുടെ കിഫ്‌ബി വായ്‌പ ലഭ്യമായ സാഹചര്യത്തിലാണ് പുതുതായി ബസുകള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചത്. 2017ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തീരുമാനിച്ച കിഫ്ബി സഹായത്തോടെയുള്ള ഈ പദ്ധതി, തിരിച്ചടവില്‍ വ്യക്തതയില്ലാത്തതിനെ തുടര്‍ന്ന് അനന്തമായി നീളുകയായിരുന്നു.
ബസ് വാങ്ങല്‍ പദ്ധതിയുടെ വായ്‌പ തിരിച്ചടവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഗതാഗതവകുപ്പ്, ധനവകുപ്പിന് മുന്നില്‍വച്ച നിര്‍ദേശം. ഇത് ധനവകുപ്പ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തിരിച്ചടവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.