Home Featured ബംഗളൂരു: ആരോഗ്യ മന്ത്രി കെ. സുധാകറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്

ബംഗളൂരു: ആരോഗ്യ മന്ത്രി കെ. സുധാകറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്

ബംഗളൂരു: ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.ചിക്കബല്ലാപുരയിലെ പൊതുപ്രവര്‍ത്തകനായ ആര്‍. ആഞ്ജനേയ റെഡ്ഡി നല്‍കിയ ഹരജിയിലാണ് നടപടി. തനിക്ക് മാനഹാനിയുണ്ടാക്കുന്നവിധം മന്ത്രി പൊതുസ്ഥലത്ത് പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ സ്വകാര്യ ഹരജിയിലാണ് മന്ത്രി പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 499, 500, 501 വകുപ്പുകള്‍ പ്രകാരവും 34 വകുപ്പ് പ്രകാരവും കുറ്റാരോപിതനെതിരെ നടപടി ആവശ്യമാണെന്ന് ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ചിക്കബല്ലാപുരയിലെയും കോലാറിലെയും തടാകങ്ങളിലേക്ക് അഴുക്കുചാല്‍ ശുദ്ധീകരിച്ച ജലം കൊണ്ടുവരുന്ന പദ്ധതിയെ റെഡ്ഡി എതിര്‍ത്തിരുന്നു.

ഈ പദ്ധതിക്ക് ചിക്കബല്ലാപുര എം.എല്‍.എയായ സുധാകര്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ആരോപിച്ചിരുന്നു. പിന്നീട് 2019ല്‍ സുധാകര്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സനായി നിയമിതനായി. ഇതിനെതിരെ റെഡ്ഡി ഹൈകോടതിയെ സമീപിച്ചു.തുടര്‍ന്ന് ചിക്കബല്ലാപുരയില്‍ നടന്ന പൊതുയോഗത്തില്‍ റെഡ്ഡിയെ സുധാകര്‍ മോശമാക്കി സംസാരിച്ചെന്നാണ് പരാതി.

ജൂണ്‍ 27ന് ചിക്കബല്ലാപുര മരളക്കുണ്ഡെ വില്ലേജില്‍ നടന്ന പൊതുയോഗത്തില്‍ റെഡ്ഡിയെ മന്ത്രി അവഹേളിച്ചിരുന്നു. ഇത്ത് ഉദയവാണി, വിജയ്കര്‍ണാടക പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മന്ത്രിക്കും രണ്ട് പത്രങ്ങള്‍ക്കും ഇയാള്‍ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അവര്‍ മാപ്പ് പറയാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്.

ഇനി വ്യാജ റിവ്യൂകളുടെ ചതിക്കുഴിയില്‍ വീഴില്ല!, മൂക്കു കയറിടാന്‍ കേന്ദ്രം; പുതിയ മാര്‍ഗനിര്‍ദേശം ഇന്നുമുതല്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഉപഭോക്താക്കളുടെ റിവ്യൂ പരിശോധിച്ച ശേഷമാണ് പലരും ഓണ്‍ലൈനിലൂടെ ഷോപ്പിങ് നടത്തുന്നത്.അത്രമാത്രം പ്രാധാന്യമാണ് റിവ്യൂവിന് നല്‍കുന്നത്. കൂടുതല്‍ റിവ്യൂ ഉള്ള ഉല്‍പ്പന്നമാണെങ്കില്‍ കൂടുതല്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നമാണ് എന്ന വിശ്വാസം വരെ ഉപഭോക്താക്കള്‍ക്ക് ഇടയില്‍ ഉണ്ട്.ഇത് അവസരമാക്കി വ്യാജ റിവ്യൂകളും തഴച്ചുവളരുന്നുണ്ട്.

ഇതിന് മൂക്ക് കയറിടാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കളുടെ റിവ്യൂവിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്. ഇത് ഇന്ന് മുതല്‍ നിലവില്‍ വന്നു.വ്യാജ റിവ്യൂകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മാര്‍ഗനിര്‍ദേശം. ജനങ്ങളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശത്തിന് രൂപം നല്‍കിയതെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് അറിയിച്ചു.

ഇ- കോമേഴ്‌സ് രംഗത്ത് റിവ്യൂവിന് വലിയ പ്രാധാന്യമുണ്ട്. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലും ഭക്ഷണശാല തെരഞ്ഞെടുക്കുന്നതിലും അടക്കം വിവിധ കാര്യങ്ങള്‍ക്ക് ഉപഭോക്താക്കളുടെ റിവ്യൂ പരിശോധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനിടെ വ്യാജ റിവ്യൂകള്‍ സംബന്ധിച്ച പരാതികളും നിരവധി വരുന്നുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടക്കുന്നതിന് വേണ്ടിയാണ് വ്യാജ റിവ്യൂകള്‍ സൃഷ്ടിക്കുന്നത്. ഇതിനെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പുതിയ മാര്‍ഗനിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ പുതിയ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന നിര്‍ദേശമില്ല.

സ്ഥാപനങ്ങള്‍ സ്വമേധയാ തന്നെ നടപ്പാക്കേണ്ടതാണ്. എന്നാല്‍ ഇതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക്് കടക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ വെബ്‌സൈറ്റ് പരിശോധനയ്ക്ക് വിധേയമാക്കി മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തി അംഗീകാരം വാങ്ങേണ്ടതാണ്.

പകരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഉപഭോക്തൃ കോടതി വഴി നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനാല്‍ വ്യാജ റിവ്യൂകള്‍ വെബ്‌സൈറ്റില്‍ ഇല്ലെന്ന് ഉറപ്പുവരുത്തി ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍ മുന്നോട്ടുപോകേണ്ടതാണെന്നും രോഹിത് കുമാര്‍ സിങ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group