Home covid19 ബംഗളൂരു:സ്കൂള്‍ കുട്ടികളില്‍ കോവിഡ് ബാധ കൂടുന്നു; ആശങ്കക്ക് വകയില്ലെന്ന് അധികൃതര്‍

ബംഗളൂരു:സ്കൂള്‍ കുട്ടികളില്‍ കോവിഡ് ബാധ കൂടുന്നു; ആശങ്കക്ക് വകയില്ലെന്ന് അധികൃതര്‍

ബംഗളൂരു: സ്കൂള്‍ തുറന്നതോടെ കുട്ടികളില്‍ കോവിഡ് ബാധ കൂടുന്നു. കഴിഞ്ഞ 13 ദിവസം ബംഗളൂരുവില്‍ ആകെയുള്ള കോവിഡ് ബാധിതരില്‍ 13.42 ശതമാനവും കുട്ടികളാണ്. ബംഗളൂരുവിലും അയല്‍ സംസ്ഥാനങ്ങളിലും കോവിഡ് കൂടുകയാണ്.

ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ രോഗലക്ഷണമുള്ളവരെ സ്കൂളുകളിലേക്ക് വിടരുതെന്ന് അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

ജലദോഷം, ചുമ, പനി, ശരീരവേദന, വയര്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവരെ സ്കൂളുകളില്‍ വിടരുത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യുടെ ആരോഗ്യബുള്ളറ്റിന്‍ പ്രകാരം ഈ ദിവസങ്ങളില്‍ ബംഗളൂരുവില്‍ ആകെയുണ്ടായ രോഗികള്‍ 2533 ആണ്. 340 കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ 10 മുതല്‍ 19 വയസ്സിനിടയിലുള്ളവരാണ്. അതേസമയം, ഈ പ്രായക്കാരില്‍ ആശുപത്രിവാസവും മരണവും കൂടിയിട്ടില്ല. പേടിക്കേണ്ട കാര്യമില്ലെന്നും സ്കൂള്‍ അടക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

രോഗബാധയുണ്ടാകുന്ന ഭൂരിഭാഗം കുട്ടികളും അടുത്തിടെ മഹാരാഷ്ട്രയിലേക്കോ തമിഴ്നാട്ടിലേക്കോ യാത്ര പോയവരാണ്. ഇവരുടെ രോഗലക്ഷണങ്ങള്‍ നേരിയതാണ്. ഇവരുടെ ക്ലാസ് റൂമുകള്‍ അടക്കുകയോ നാലോ അഞ്ചോ ദിവസം സമ്ബര്‍ക്കവിലക്കില്‍ ആവുകയോ ചെയ്താല്‍ പ്രയാസം നീങ്ങുന്ന സാഹചര്യമാണുള്ളത്. പേടിക്കേണ്ട അവസ്ഥയില്ലെന്നും ജയനഗര്‍ ആശുപത്രിയിലെ ഡോ. ടി. ഗോപീകൃഷ്ണ പറയുന്നു.

അതേസമയം, ഹോസ്റ്റലിലെ ചില കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായതോടെ ചില സ്കൂളുകള്‍ 11ാം ക്ലാസും 12ാം ക്ലാസും പുനരാരംഭിക്കുന്നത് നീട്ടിവെച്ചിട്ടുണ്ട്. 12ാം ക്ലാസ് ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുമുണ്ട്. ഇത് താല്‍ക്കാലിക നടപടികള്‍ മാത്രമാണെന്ന് കനകപുരയിലെ സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

കുട്ടികളില്‍ ഇപ്പോഴും കോവിഡ് നിരക്ക് ഏറെ താഴെയാണെന്ന് ബി.ബി.എം.പി സ്‍പെഷല്‍ കമീഷണര്‍ (ആരോഗ്യം) ഡോ. കെ.വി. ത്രിലോക് ചന്ദ്ര പറഞ്ഞു. സ്കൂളുകളില്‍ ഇതുവരെ ക്ലസ്റ്ററുകള്‍ ഉണ്ടാക്കേണ്ട സാഹചര്യം വന്നിട്ടില്ല. അതിനാല്‍ പേടിക്കേണ്ട അവസ്ഥയില്ല. പരിശോധന കൂട്ടുന്നുണ്ട്. എന്നാല്‍, വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഉറപ്പുവരുത്തണം. വാക്സിന്‍ എടുക്കാത്തവര്‍ ഉടന്‍ എടുക്കണം. അവസാന ഡോസ് എടുക്കാന്‍ ബാക്കിയുള്ളവര്‍ അത് എടുത്തുവെന്ന് ഉറപ്പാക്കുകയും വേണം.

കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുംദിനങ്ങളില്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, പേടിക്കേണ്ട സാഹചര്യമില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) എല്ലാ ജില്ലകളിലെയും അധികൃതരുമായി കോവിഡ് സാഹചര്യം ചര്‍ച്ചചെയ്യുന്നുണ്ട്. അതിനിടെ ബംഗളൂരു നഗരത്തില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ മാസ്ക് ധരിക്കാത്തവരില്‍നിന്ന് പിഴ ഈടാക്കില്ല.

You may also like

error: Content is protected !!
Join Our WhatsApp Group