ഇന്ദോര്‍: വിവിധ രാജ്യങ്ങളില്‍ നിന്ന് നാല് ഡോസ് വാക്സിന്‍ സ്വീകരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ദോര്‍ വിമാനത്താവളത്തില്‍ ദുബൈ യാത്രക്കെത്തിയ 30കാരിക്കാണ് രോഗബാധ. ഇവരെ എയര്‍പോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്ദോര്‍ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.
12 ദിവസം മുമ്ബ് സ്വകാര്യ ചടങ്ങിനായാണ് ഇവര്‍ ഇന്ദോറിലെത്തിയത്. പിന്നീട് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.
ഫൈസറും സിനോഫോമും ഉള്‍പ്പടെ നാല് ഡോസ് കോവിഡ് വാക്സിന്‍ യുവതി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്ന് ഡോസ് വാക്സിന്‍ സ്വീകരിച്ച ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
അതേസമയം, രാജ്യത്ത് കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുകയാണ്. 966 പേര്‍ക്ക് ഇതുവരെ ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധനിച്ചതോടെ രാത്രി കര്‍ഫ്യു ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.