ബംഗളൂരു: ബംഗളുരുവിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (സായ്) കായിക താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധിച്ച 128 പേരില്‍ 33 പേരുടെ ഫലം പോസിറ്റീവായി. സീനിയര്‍ പുരുഷ വിഭാഗം ഹോക്കി ടീമിലെ 16 താരങ്ങളുടെയും ഒരു പരിശീലകന്‍റെയും ഫലം പോസിറ്റീവായി. ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് പ്രോ ലീഗ് മത്സരത്തിന് വേണ്ടിയുള്ള പരിശീലത്തിനിടെയാണ് കോവിഡ് പരിശോധന നടത്തിയത്. ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഏപ്രിലില്‍ നടക്കേണ്ട ലോകകപ്പിനു മുന്നോടിയായി പരിശീലനം നടത്തുന്ന ജൂനിയര്‍ വനിതാ വിഭാഗം ഹോക്കി താരങ്ങളിലെ 15 പേര്‍ക്കും കോവിഡ് പോസിറ്റീവായി. രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. സായ്‌യുടെ പട്യാല പരിശീലന കേന്ദ്രത്തില്‍ 25ലധികം കോവിഡ് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോക്സര്‍മാര്‍ക്കാണ് രോഗം ബാധിച്ചത്.