മസ്കത്ത്: കോവിഡിന്റെ മറ്റൊരു തരംഗത്തിലേക്ക് രാജ്യം നീങ്ങാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ഭരണകൂടം.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നപ്പോഴും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളൊന്നും നല്‍കിയിരുന്നില്ല. പല യൂറോപ്യന്‍ രാജ്യങ്ങളും കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി. ഇത് പിന്നീട് രോഗികളുടെ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി. അത്തരമൊരു സാഹചര്യം ഒമാനില്‍ വരാതിരിക്കാന്‍ സൂക്ഷ്മതയോടെയാണ് അധികൃതര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ടാര്‍ജറ്റ് ഗ്രൂപ്പിന് ബൂസ്റ്റര്‍ ഡോസ് വ്യാപകമാക്കിയത് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികച്ച നടപടിയായാണ് ആരോഗ്യമേഖലയിലുള്ളവര്‍ കാണുന്നത്.
പുതിയ വകഭേദങ്ങളെ നേരിടാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. വാക്സിനുകളുടെ ഫലപ്രാപ്തി ഒരു കാലയളവിന് ശേഷം കുറയും. മൂന്നാം ഡോസ് ഒമിക്രോണിനെതിരെ 70-75 ശതമാനം വരെ സംരക്ഷണം നല്‍കുമെന്ന് ഒമാന്‍ റോയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഫാരിയാല്‍ അല്‍ ലവതിയ പറഞ്ഞു. രണ്ട് ഡോസ് എടുത്തവര്‍ക്ക് 30 ശതമാനം സംരക്ഷണമേ ലഭിക്കുകയുള്ളൂവെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. നിലവില്‍ വിദേശികളടക്കം വിവിധ ഗവര്‍ണറേറ്റുകളില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വിദേശികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കി തുടങ്ങുമെന്നാണ് കരുതുന്നത്.
കോവിഡ് അവലോകന സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച മാനദണ്ഡം ഹോട്ടലുകളും റസ്റ്റാറന്റുകളും പാലിക്കണമെന്ന് പൈതൃക-ടൂറിസം മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം നിര്‍ദേശം ലംഘിച്ച മസ്കത്തിലെയും സലാലയിലെയും പ്രമുഖ ഹോട്ടലുകള്‍ക്കെതിരെയും കഴിഞ്ഞ ആഴ്ചകളില്‍ മന്ത്രാലയം നടപടിയെടുത്തിരുന്നു. വാണ്യജ്യ-വ്യവസായ സ്ഥാപനങ്ങള്‍ മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഭയപ്പെടാനുള്ള സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.