Home covid19 കേസുകളില്‍ നേരിയ വര്‍ധന; കര്‍ണാടകയില്‍ വീണ്ടും ജാഗ്രത

കേസുകളില്‍ നേരിയ വര്‍ധന; കര്‍ണാടകയില്‍ വീണ്ടും ജാഗ്രത

ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയര്‍ന്നു തുടങ്ങിയ സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കോവിഡ് കേസുകള്‍ ഘട്ടം ഘട്ടമായി ഉയരുന്നത് നിരീക്ഷിച്ച്‌ അതി ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ഏപ്രില്‍ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേരുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ സംസ്ഥാനങ്ങളോട് നിരീക്ഷണം കാര്യക്ഷമമാക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രി ഡോ.കെ. സുധാകര്‍ ആവശ്യമായ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന മാര്‍ഗനിര്‍ദേശം നടപ്പാക്കാനാണ് തീരുമാനം. കോവിഡിന്‍റെ പുതിയ വകഭേദം സംബന്ധിച്ച പഠനവും നടക്കുന്നുണ്ട്.

ജനങ്ങള്‍ ജാഗ്രതയോടെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. രാജ്യത്തെ വീണ്ടുമൊരു കോവിഡ് തരംഗമുണ്ടാകുമെന്ന സൂചനയാണ് കേസുകളിലെ ഉയര്‍ച്ച ചൂണ്ടിക്കാണിക്കുന്നതെങ്കിലും ഇക്കാര്യം കേന്ദ്ര ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ബംഗളൂരുവില്‍ ഒമിക്രോണിന്‍റെ പുതിയ രണ്ട് ഉപവകഭേദങ്ങള്‍ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴത്തെ കോവിഡ് കേസുകളുടെ വര്‍ധന പുതിയ വകഭേദത്തെ തുടര്‍ന്നാണെന്ന് പറയാനാകില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച ബംഗളൂരുവിലെ രോഗ സ്ഥിരീകരണ നിരക്ക് മൂന്നു ശതമാനമായും കര്‍ണാടകയിലേത് ഒരു ശതമാനമായും ഉയര്‍ന്നിരുന്നു.

ഒരു മാസത്തിനുശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 100 കടന്നിരുന്നു. എന്നാല്‍, ശനിയാഴ്ച (ഏപ്രില്‍ 23) 139പേര്‍ക്കായി. ശനിയാഴ്ച സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് 1.37 ശതമാനമായും ഉയര്‍ന്നു. ഒരോ ദിവസത്തെയും നേരിയ വര്‍ധന മറ്റൊരു തരംഗത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ശനിയാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ച 139 കേസുകളില്‍ 132 കേസുകളും ബംഗളൂരുവിലാണ്. മുന്‍കാലങ്ങള്‍ക്ക് സമാനമായി ഇത്തവണയും പ്രഭവ കേന്ദ്രം ബംഗളൂരുവാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

അതേസമയം, നേരിയ വര്‍ധന മാത്രമാണെന്നാണ് കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങള്‍ പറയുന്നത്. ഞായറാഴ്ച സംസ്ഥാനത്ത് പുതുതായി 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ മാത്രം 57 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group