ബെംഗളൂരു: തിരഞ്ഞെടുപ്പ് ചൂടിനൊപ്പം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും വർധന. മാസങ്ങൾക്കുശേഷം രോഗികളുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച രാത്രിവരെയുള്ള കണക്കനുസരിച്ച് 1,257 സജീവ രോഗികളാണ് കർണാടകത്തിലുള്ളത്. ശനിയാഴ്ച മാത്രം 257 പേർക്ക് രോഗം സ്ഥിരീകരിച്ചു.മാർച്ച് ഒന്നിന് 328 സജീവരോഗികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായത്.
നാടാകെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമാകുമ്പോൾ രോഗികളുടെ എണ്ണം വീണ്ടും കൂടുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നാം ഡോസ് വാക്സിന്റെ വിതരണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. കോവിഡിനൊപ്പം പകർച്ചപ്പനിയും വ്യാപകമാണ്. പനി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി നൂറുകണക്കിനാളുകളാണ് പ്രതിദിനം ആശുപത്രികളിലെത്തുന്നത്.
കോവിഡ് വ്യാപനസാഹചര്യം കണക്കിലെടുത്ത് ഇത്തരം ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലുൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധം സംബന്ധിച്ച ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. എക്സ്. ബി.ബി. 1.16 എന്ന വൈറസ് വകഭേദമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപകത്തിന് ഇടയാക്കുന്നതെന്നാണ് കണ്ടെത്തൽ.
ആശുപത്രിലാകുന്നവർ കുറവ്:കോവിഡ് സ്ഥിരീകരിക്കുന്നവരിൽ ഗുരുതരവസ്ഥയിൽ ആശുപത്രിയിലാകുന്നവരുടെ എണ്ണം നാമമാത്രമായത് ആരോഗ്യവകുപ്പിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഏതുതരത്തിലുള്ള സാഹചര്യവും നേരിടാൻ സംസ്ഥാനത്തെ ആശുപത്രികൾ സജ്ജമാണെങ്കിലും മുമ്പുണ്ടായിരുന്നതുപോലുള്ള ഗുരുതരമായ സാഹചര്യമുണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് വാക്‌സിൽ സ്വീകരിച്ചവരിൽ രോഗലക്ഷണങ്ങൾ കാര്യമായി ഉണ്ടാകുന്നില്ല. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർ ഗുരുതരമായ മറ്റു രോഗങ്ങൾക്ക് ചികിത്സയിലുള്ളവരാണ്.
ചെടികളെ കൊല്ലുന്ന ഫംഗസ് ബാധ മനുഷ്യനിലും; ലോകത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത് കൊല്‍ക്കത്തയില്‍
ന്യൂഡല്‍ഹി: ലോകത്ത് ആദ്യമായി ചെടികളെ ബാധിക്കുന്ന രോഗം മനുഷ്യനിലും സ്ഥിരീകരിച്ചു. കൊല്‍ക്കത്ത സ്വദേശിയായ പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് ഫംഗസ് സ്ഥിരീകരിച്ചത്.റോസ് കുടുംബത്തിലെ സസ്യങ്ങളുടെ സില്‍വര്‍ ലീഫ് രോഗത്തിന് കാരണമാകുന്ന സസ്യ ഫംഗസായ കോണ്ട്രോസ്റ്റീറിയം പര്‍പ്പ്യൂറിയെ എന്ന ഫംഗസാണ് മൈക്കോളജിസ്റ്റിനെ ബാധിച്ചത്.
മെഡിക്കല്‍ മൈക്കോളജി കേസ് റിപ്പോര്‍ട്ട് ജോണലിലാണ് ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സസ്യ രോഗാണുക്കള്‍ മനുഷ്യരിലേക്ക് കടക്കുന്നതിന്റെ അപൂര്‍വ ഉദാഹരണങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ മൂന്ന് മാസമായി രോഗബാധിതനായിരുന്നു ഇയാള്‍. ഇയാള്‍ക്ക് പരുക്കന്‍ ശബ്ദം, ആവര്‍ത്തിച്ചുള്ള ചുമ, ക്ഷീണം, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സിടി സ്‌കാന്‍, എക്‌സ റേ തുടങ്ങിയ നിരവധി പരിശോധനകള്‍ ഇയാളില്‍ നടത്തിയിരുന്നു.സിടി സ്‌കാനിലാണ് ശ്വാസനാളത്തിന്റെ വലതുഭാഗത്ത് പാരാട്രാഷ്യല്‍ കുരുവും ഉള്ളതായി കണ്ടെത്തിയത്. ഇതിന്റെ സാമ്ബിളുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്‌ഒ) അയച്ചുകൊടുക്കുകയും പരിശോധനയില്‍, ഇത് കോണ്ട്രോസ്റ്റീറിയം പര്‍പ്പ്യൂറിയം എന്ന ഫംഗസാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇയാള്‍ക്ക് മറ്റ് അസുഖങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ രോഗം മാരകമാനും സാധ്യതയുണ്ട്.
എന്താണ് കോണ്ട്രോസ്റ്റീറിയം പര്‍പ്പ്യൂറിയം:കോണ്ട്രോസ്റ്റീറിയം പര്‍പ്പ്യൂറിയം എന്ന ഫംഗസ് ചെടികളില്‍ സില്‍വര്‍ ലീഫ് എന്ന രോഗത്തിന് കാരണമാകുന്നു. ഇത് പ്രധാനമായും റോസ് കുടുംബത്തെയാണ് ബാധിക്കുന്നത്. ജീവനില്ലാത്ത മരങ്ങളിലാണ് ഫംഗസ് എളുപ്പത്തില്‍ വളരുന്നത്. എന്നാല്‍ ഇത് ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നതോടെ അവയെ കൊല്ലുകയും ഇലകള്‍ വെള്ളി നിറമുള്ളതായി മാറുകയും ചെയ്യുന്നു.
മൈക്കോളജിസ്റ്റായ ഇദ്ദേഹം തന്റെ ഗവേഷണത്തിന്റെ ഭാഗമായി നിരന്തരം ഫംഗസുമായും ചീഞ്ഞളിഞ്ഞ ചെടികളുമായും കൂണുകളുമായും നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഫംഗസ് ഇയാളിലും ബാധിച്ചത്. ഇയാളില്‍ നിന്ന് പഴുപ്പുനിറഞ്ഞ കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തുടര്‍ന്ന് രണ്ട് മാസത്തെ ആന്റി ഫംഗല്‍ മരുന്നും ഇയാള്‍ക്ക് നല്‍കി. ഇതിന് ശേഷം രണ്ടു വര്‍ഷമായി ഇയാളില്‍ രോഗലക്ഷണമെന്നും കാണിച്ചിട്ടില്ലെന്നും രോഗം ഭേദമായതായും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.
നേരത്തെ മനുഷ്യരില്‍ യെല്ലോ ഫംഗസ്സ് സ്ഥിരീകരിച്ചിരുന്നു. ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും ശേഷമാണ് യെല്ലോ ഫംഗസ് മനുഷ്യരില്‍ സ്ഥിരീകരിച്ചത്. ബ്ലാക്ക് ഫംഗസിനേയും വൈറ്റ് ഫംഗസിനേയും അപേക്ഷിച്ച് യെല്ലോ ഫംഗസ് കൂടുതല്‍ അപകടകാരിയാണ്. ശരീരത്തിലെ ആന്തരികാവയവങ്ങളെയാണ് യെല്ലോഫംഗസ് ബാധിക്കുക. തലവേദന, അലസത, വിശപ്പില്ലായ്മ, ദഹനക്കുറവ് തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ശരീരഭാരം കുറയുക, മുറിവുകള്‍ ഉണങ്ങാതിരിക്കുക, കണ്ണുകളില്‍ പഴുപ്പ് പ്രത്യക്ഷപ്പെടുക എന്നിവയും രോഗ ലക്ഷണമാണ്. ഈര്‍പ്പുള്ള സാധനങ്ങള്‍ മുതല്‍ പഴയ ഭക്ഷണ സാധനങ്ങള്‍ വരെ ഫംഗസ് ബാധക്ക് കാരണമാകും.